സുപ്രീംകോടതി ബെഞ്ചിൽ വനിത ജഡ്ജിമാർ മാത്രം; ചരിത്രത്തിൽ മൂന്നാം തവണ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ വനിത ജഡ്ജിമാർ മാത്രമുള്ള ബെഞ്ച് ഇന്ന് കേസുകൾ പരിഗണിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് വനിതകൾ മാത്രമുള്ള ബെഞ്ച് വരുന്നത്. ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരാണ് ബെഞ്ചിലുള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് കഴിഞ്ഞ ദിവസമാണ് ബെഞ്ചിന് രൂപംനൽകിയത്.
വൈവാഹിക തർക്കങ്ങളും ജാമ്യാപേക്ഷകളും ഉൾപ്പെടെ 32 കേസുകളാണ് ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
(ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബേല എം. ത്രിവേദി)
നേരത്തെ, 2013ലും 2018ലും വനിത ജഡ്ജിമാർ മാത്രമുള്ള ബെഞ്ച് ഉണ്ടായിരുന്നു. 2013ൽ ജസ്റ്റിസുമാരായ ഗ്യാൻ സുധ മിശ്രയും രഞ്ജന പ്രകാശ് ദേശായിയുമായിരുന്നു ബെഞ്ചിൽ. 2018ൽ ജസ്റ്റിസുമാരായ ആർ. ഭാനുമതിയും ഇന്ദിര ബാനർജിയുമായിരുന്നു അംഗങ്ങൾ.
സുപ്രീംകോടതിയിൽ നിലവിൽ മൂന്ന് വനിത ജഡ്ജിമാരാണുള്ളത്. ജസ്റ്റിസ് ബി.വി. നാഗരത്നയാണ് മൂന്നാമത്തെയാൾ. ജസ്റ്റിസ് കോഹ്ലിക്ക് 2024 വരെയും ജസ്റ്റിസ് ത്രിവേദിക്ക് 2025 വരെയും കാലാവധിയുണ്ട്. 2027ൽ ജസ്റ്റിസ് ബി.വി. നാഗരത്ന രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റിസാകും.
സുപ്രീംകോടതിയിൽ 27 ജഡ്ജിമാരാണ് നിലവിലുള്ളത്. 34 ജഡ്ജിമാരാണ് ആവശ്യമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

