സുപ്രീംകോടതിക്ക് ഒരു മലയാളി ജഡ്ജികൂടി; കെ.വി. വിശ്വനാഥൻ ചുമതലയേറ്റു
text_fieldsന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മലയാളിയുമായ പാലക്കാട് സ്വദേശി കെ.വി. വിശ്വനാഥൻ എന്ന കല്പാത്തി വെങ്കിട്ടരാമൻ വിശ്വനാഥനും ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും പുതിയ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജസ്റ്റിസുമാരായ കെ.എം. ജോസഫിനും സി.ടി. രവികുമാറിനും പിന്നാലെ ജസ്റ്റിസ് വിശ്വനാഥൻകൂടി എത്തിയതോടെ സാങ്കേതികമായി അടുത്ത മാസം പകുതി വരെ സുപ്രീംകോടതിയിൽ മൂന്ന് മലയാളി ജഡ്ജിമാരുണ്ടാകും. സുപ്രീംകോടതി വേനലവധിക്ക് അടക്കുന്നതിനാൽ ജൂൺ 16ന് ഔദ്യോഗികമായി വിരമിക്കുന്ന ജസ്റ്റിസ് കെ.എം. ജോസഫിന് അവസാന പ്രവൃത്തിദിവസം നൽകാറുള്ള ആചാരപരമായ സിറ്റിങ്ങും യാത്രയയപ്പും വെള്ളിയാഴ്ച നൽകി. സീനിയോറിറ്റി പ്രകാരം അവസരം ലഭിച്ചാൽ 2030ൽ ജസ്റ്റിസ് വിശ്വനാഥ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകും.
ഇരുവരെയും ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്രം രണ്ടു ദിവസത്തിനകം അംഗീകരിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കുകയായിരുന്നു. ഈയിടെ വിരമിച്ച ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയുടെയും എം.ആർ. ഷായുടെയും ഒഴിവിലേക്കാണ് പുതിയ ജഡ്ജിമാർ വരുന്നത്. പുതിയ ജഡ്ജിമാർകൂടി സത്യപ്രതിജ്ഞ ചെയ്ത വെള്ളിയാഴ്ച മുഴുവൻ ഒഴിവുകളും നികത്തി 34 ജഡ്ജിമാരുമായി സുപ്രീംകോടതി ക്വോറം തികച്ചു. എന്നാൽ, അടുത്ത മാസങ്ങൾക്കുള്ളിൽ നാല് മുതിർന്ന ജഡ്ജിമാർകൂടി വിരമിക്കുന്നുണ്ട്.
സുപ്രീംകോടതി അഭിഭാഷകരിൽനിന്ന് നേരിട്ട് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടുന്ന പത്താമത്തെയാളാണ് കെ.വി. വിശ്വനാഥൻ. തമിഴ്നാട്ടിലെ അമരാവതി സൈനിക് സ്കൂൾ, ഊട്ടി സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം ജസ്റ്റിസ് വിശ്വനാഥൻ കോയമ്പത്തൂർ ലോ കോളജിൽനിന്ന് നിയമബിരുദമെടുത്ത് 35 വർഷമായി സുപ്രീംകോടതി അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്നു. മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനും മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനും കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ മുതിർന്ന അഭിഭാഷകപദവി ലഭിച്ചു.
1966 മേയ് 26ന് ജനിച്ച വിശ്വനാഥന് 2031 മേയ് 25 വരെ സർവിസ് കാലാവധി ലഭിക്കും. സീനിയോറിറ്റി പ്രകാരം നിയമനം ലഭിച്ചാൽ രാജ്യത്തിന്റെ 58ാമത്തെ ചീഫ് ജസ്റ്റിസായേക്കും. ഒമ്പതു മാസത്തോളമായിരിക്കും ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകുക.