ക്രിമിനൽ നിയമം ദുരുപയോഗം ചെയ്തു; യു.പി പൊലീസിന് പിഴയിട്ട് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: സിവിൽ സ്വഭാവമുള്ള സ്വത്ത് തർക്കത്തിൽ ക്രിമിനൽ കേസെടുത്തതിന് യു.പിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് 50,000 രൂപ പിഴയിട്ട് സുപ്രീം കോടതി. സിവിൽ തർക്കങ്ങൾക്ക് ക്രിമിനൽ കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
കാൺപൂർ സ്വദേശികളായ റിഖാബ് ബിരാനി, സാധന ബിരാനി എന്നിവർക്കെതിരെയായിരുന്നു കേസെടുത്തത്. വെയർഹൗസ് കെട്ടിട വിൽപനയുമായി ബന്ധപ്പെട്ട സിവിൽ തർക്കത്തിലായിരുന്നു യു.പി പൊലീസ് ക്രിമിനൽ കേസെടുത്തത്. വഞ്ചന, ക്രിമിനൽ ഭീഷണി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയത്.
കേസ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഹരജിക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. യു.പിയിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നതായും സിവിൽ കേസ് ക്രിമിനൽ കേസാക്കി മാറ്റുന്നത് സ്വീകാര്യമല്ലെന്നും മറ്റൊരു കേസിൽ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ഉത്തർപ്രദേശിലെ നിയമവാഴ്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഡി.ജി.പിയോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.