പൂജ ഖേദ്കറുടെ അറസ്റ്റ്; ഇടക്കാല സംരക്ഷണം നീട്ടി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിൽ മുൻ ഐ.എ.എസ് പ്രബേഷണറി ഓഫിസർ പൂജ ഖേദ്കർക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി നീട്ടി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന,സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 21 ലേക്ക് മാറ്റി. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം തുടരും.
ഖേദ്കറിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ അത് കോടതി രേഖകളിൽ കാണുന്നില്ലെന്നും അവരുടെ അഭിഭാഷകൻ ബെഞ്ചിനോട് പറഞ്ഞതിനെത്തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിയത്.
നേരത്തെ, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെടുകയും ഖേദ്കർ സഹകരിക്കാൻ തയ്യാറാണെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെ ഖേദ്കർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ജനുവരിയിൽ, അറസ്റ്റിൽ നിന്ന് സുപ്രീം കോടതി അവർക്ക് ഇടക്കാല സംരക്ഷണം നൽകുകയും അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
2022ലെ യു.പി.എസ്.സി പരീക്ഷയുടെ അപേക്ഷയിൽ ഒ.ബി.സി, വികലാംഗ ക്വാട്ട സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് ഖേദ്കറിനെതിരായ ആരോപണം. ഖേദ്കർ കൃത്രിമത്വം കാണിച്ചെന്ന് യു.പി.എസ്.സിയാണ് പരാതി നൽകിയത്. തുടർന്ന് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഖേദ്കർ മുൻകൂർ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.