റോഹിങ്ക്യൻ വിഷയം: മാനവികമൂല്യങ്ങൾക്ക് പരിഗണന –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്ന വിഷയത്തിൽ മാനവിക മൂല്യങ്ങളും പരസ്പര ആദരവുമാണ് തങ്ങളുടെ ആശങ്കയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. വൈകാരികമായല്ല, നിയമപരമായാണ് വിഷയത്തെ സമീപിക്കുന്നതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
റോഹിങ്ക്യകളെ നാടുകടത്തുന്നതിനെതിരെ ഹരജി സമർപ്പിച്ച അഡ്വ. കോളിൻ ഗോൺസാൽവസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ വിഷയത്തിൽ ഇടപെടാനാവില്ലെന്ന കേന്ദ്ര നിലപാട് ഗുരുതരമായി കാണണമെന്നും ഭരണകൂടത്തെ അങ്ങനെ പരമാധികാര ശക്തിയായി മാറാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
സുപ്രീംകോടതിപോലും ഇത് നോക്കരുതെന്നാണ് കേന്ദ്രസർക്കാറിെൻറ സത്യവാങ്മൂലത്തിലെ വാദം. അംഗീകരിക്കാനാവുന്നതല്ല ഇത്.
അഭയാർഥികളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് വിഷയം ബാധകമെല്ലന്ന വാദവും നരിമാൻ ഖണ്ഡിച്ചു. അഭയാർഥികൾക്കായുള്ള ന്യൂയോർക് പ്രഖ്യാപനത്തിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നും അത് അംഗീകരിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ടെന്നും നരിമാൻ വാദിച്ചു.
റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളെ പുറന്തള്ളാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൗയിടെ സംസ്ഥാനങ്ങൾക്ക് അയച്ച കത്ത് സുപ്രീംകോടതിക്ക് കൈമാറിയ നരിമാൻ, 2011 ഡിസംബർ 29ന് ആഭ്യന്തര മന്ത്രാലയം അഭയാർഥി വിഷയത്തിൽ സംസ്ഥാനങ്ങളോട് നിർദേശിച്ച മാർഗനിർദേശങ്ങളാണ് ഇതിലൂടെ കേന്ദ്രം ലംഘിച്ചതെന്നും വാദിച്ചു.
നരിമാൻ ഉയർത്തിയ മൂന്നു വിഷയങ്ങളിലും കേന്ദ്രത്തിന് എന്താണ് ബോധിപ്പിക്കാനുള്ളതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. കേസിൽ കക്ഷി ചേരാൻ അനുമതി തേടി ഡി.വൈ.എഫ്.െഎ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
