പ്രധാനമന്ത്രി അജ്‍മീറിൽ ഛാദർ മൂടുന്നത് വിലക്കണമെന്ന ഹിന്ദുത്വ നേതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsഅജ്‍മീർ ദർഗയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും ചേർന്ന് 'ഛാദർ' സമർപ്പിക്കുന്നു
ന്യൂഡൽഹി: ശിവക്ഷേത്രം തകർത്താണ് അജ്‍മീർ ദർഗ നിർമിച്ചതെന്ന് അവകാശപ്പെട്ടുള്ള സിവിൽ കേസ് വിചാരണ കോടതിയുടെ പരിഗണനയിലുള്ളതിനാൽ അജ്‍മീർ ദർഗയിൽ ഛാദർ മൂടുന്ന ആചാരത്തിൽനിന്ന് പ്രധാനമന്ത്രിയെ വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ഛാദർ സമർപ്പിക്കുന്ന ആചാരം 1947ൽ മാത്രമാണ് ആരംഭിച്ചതെന്ന ഹരജിക്കാരന്‍റെ വാദം കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിശ്വ വേദിക് സനാതൻ സംഘിന്‍റെയും ഹിന്ദു സേനയുടെയും പ്രസിഡന്‍റുമാരായ ജിതേന്ദർ സിങ്, വിഷ്‍ണു ഗുപ്ത എന്നവർ സമർപ്പിച്ച ഈ റിട്ട് ഹരജി തള്ളിയത് ശിവക്ഷേത്രം തകർത്താണ് അജ്‍മീർ ദർഗ നിർമിച്ചതെന്ന് അവകാശപ്പെട്ടുള്ള സിവിൽ കേസിനെ ബാധിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാറിന്‍റെ വിവിധ ഘടകങ്ങൾ ഖ്വാജാ മുഈനുദ്ദീൻ ഛിഷ്തിക്ക് ഔദ്യോഗിക ആചാരപരമായ ആദരവും പ്രതീകാത്മക അംഗീകാരവും നൽകി വരുന്നുവെന്നും അത് ഭരണഘടനാ വിരുദ്ധവും സ്വേഛാപരവും ചരിത്രപരമായി അടിസ്ഥാനമില്ലാത്തതും ഭരണഘടനാ മൂല്യങ്ങൾക്കും രാജ്യത്തിന്‍റെ അന്തസ്സിനും പരമാധികാരത്തിനും വിരുദ്ധവുണെന്നായിരുന്നു ഹരജിയിലെ വാദം. ഇസ്ലാമിക പണ്ഡിതനും ആചാര്യനുമായ ഖ്വാജാ മുഈനുദ്ദീൻ ഛിഷ്തിയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഭരണകൂട കീഴ്‌വഴക്കത്തെയും ഹരജിയിൽ ചോദ്യം ചെയ്യുന്നു.
അജ്‍മീർ ദർഗയിൽ പ്രധാനമന്ത്രി ഛാദർ മൂടുന്ന കീഴ്‌വഴക്കം 1947ൽ ജവഹർലാൽ നെഹ്‌റു തുടങ്ങിവെച്ചതാണെന്നും നിയമപരമോ ഭരണഘടനാപരമോ ആയി ഒരു അടിസ്ഥാനവുമില്ലാതെയാണ് അതിപ്പോഴും തുടരുന്നതെന്നും സർക്കാറിന്‍റെ തലവൻ ഈ ആചാരം അനുഷ്ഠിക്കുന്നത് ജനഹിതത്തിന് വിരുദ്ധമാണെന്നും ഹരജിക്കാർ വാദിച്ചു. ദർഗയിൽ ഛാദർ മൂടുന്ന ആചാരത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നെന്നും ഹിന്ദുത്വ സംഘടന നേതാക്കൾ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

