കേണൽ സോഫിയ ഖുറേഷിയുടെ ഡീപ് ഫേക് വിഡിയോ സുപ്രീംകോടതിയിൽ; മധ്യപ്രദേശ് മന്ത്രിയുടെ കേസ് മാറ്റി
text_fieldsകേണൽ സോഫിയ ഖുറേഷി
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ വിശദീകരിച്ച കേണൽ സോഫിയ യുടെ സംസാരമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ‘ഡീപ് ഫേക്’ വിഡിയോയും സുപ്രീംകോടതിയിൽ. ‘മേം മുസൽ മാൻ ഹൂം’ എന്ന് പറഞ്ഞുതുടങ്ങുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വ്യാജ ഉള്ളടക്കങ്ങൾ തടയാൻ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി സമർപ്പിച്ച നരേന്ദ്ര കുമാർ ഗോസ്വാമിയാണ് ഇത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
വിഷയം ഗൗരവമുള്ളതാണെന്നും എന്നാൽ, സമാന സ്വഭാവമുള്ള കേസ് രണ്ട് വർഷമായി ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരിഗണനയിൽ ഉള്ളത് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഹരജിക്കാരന്റെ വാദം കേൾക്കാനും അദ്ദേഹം നൽകുന്ന നിർദേശങ്ങൾ പരിഗണിക്കാനും ഹൈകോടതിയോട് അഭ്യർഥിക്കുന്നുവെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. തൃപ്തികരമല്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് വരാമെന്നും ബെഞ്ച് വ്യക്തമാക്കി.
‘താൻ മുസ്ലിമാണ്, എന്നാൽ തീവ്രവാദിയല്ല. എല്ലാ തീവ്രവാദികളെയും എന്റെ കൈകൊണ്ട് നശിപ്പിക്കാൻ താൻ പ്രതിജ്ഞെയടുത്തിരിക്കുന്നു’ എന്ന് സോഫിയ ഖുറേഷി പറയുന്ന നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ചു നിർമിച്ച ഡീപ് ഫേക് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം, കേണൽ സോഫിയ ഖുറേഷിക്കെതിരായ വർഗീയ പരാമർശത്തിന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്തതിന് എതിരായ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മേയ് 19ലേക്ക് മാറ്റി.
അതിനിടെ, കേണൽ സോഫിയ ഖുറേഷിയെ ലക്ഷ്യം വെച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങൾക്ക് മന്ത്രി വിജയ് ഷായെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാർ മധ്യപ്രദേശ് ഗവർണറുടെ വസതിക്ക് മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടങ്ങി. പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ ഗവർണർ മംഗുഭായ് പട്ടേലിനെ സന്ദർശിച്ച ശേഷമാണ് രാജ്ഭവന് മുന്നിൽ കുത്തിയിരിപ്പ് തുടങ്ങിയത്. പ്രതിപക്ഷ പ്രതിഷേധത്തെ നാടകം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി മോഹൻ യാദവ്, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.