എ.ഐ ധാർമികത; മാർഗനിർദേശങ്ങൾ രൂപവത്കരിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിർമിത ബുദ്ധി അധിഷ്ഠിതമായ നിരീക്ഷണങ്ങളിലും ഉള്ളടക്ക നിയന്ത്രണങ്ങളിലും പാലിക്കപ്പെടേണ്ട ധാർമികതയും സുതാര്യതയും സംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപവത്കരിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബഗ്ജി, വി. മോഹന എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ് നിർദേശം. ക്ഷേമപ്രവർത്തനങ്ങൾ, പൊലീസ് സേവനങ്ങൾ, നിരീക്ഷണം, ഉള്ളടക്ക നിയന്ത്രണം എന്നീ രംഗങ്ങളിൽ വിവിധ മന്ത്രാലയങ്ങളോ ഏജൻസികളോ ഉപയോഗിക്കുന്നതും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതുമായ എ.ഐ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ നരേന്ദ്രകുമാർ ഗോസ്വാമി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ തങ്ങൾ വിദഗ്ധരല്ലെന്നും നയപരവും ഉയർന്ന സാങ്കേതികപരവുമായ വിഷയമാണിതെന്നും കോടതി പറഞ്ഞു.
സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, പൊലീസ് സംവിധാനങ്ങൾ, മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ, ഉള്ളടക്ക നിയന്ത്രണം എന്നീ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന നിലവിലുള്ള എല്ലാ എ.ഐ സംവിധാനങ്ങളുടെയും സമഗ്രമായ ആഘാത പഠനവും സ്വതന്ത്രമായ ഓഡിറ്റും ആറാഴ്ചക്കുള്ളിൽ നടത്തി പരസ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

