തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് നീക്കാനാകില്ല; മമതാ ബാനർജിയുടെ ഹരജി സുപ്രീം കോടതി തള്ളി
text_fieldsമമതാ ബാനർജി
ന്യൂഡൽഹി: പാർട്ടിയിലെ വിമത വിഭാഗത്തിന്റെ പരാതിയെ തുടർന്ന് പശ്ചിമ ബംഗാൾ പോലീസ് മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നൽകിയ ഹരജി സുപ്രീം കോടതി തള്ളി. വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, നിലവിൽ വിഷയം പരിഗണിക്കുന്ന കൽക്കട്ട ഹൈക്കോടതിയോട് ഹരജിയിൽ വേഗത്തിൽ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു.
പാർട്ടി ചിഹ്നവുമായി ബന്ധപ്പെട്ട തർക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇടക്കാല ഉത്തരവിലൂടെ ചിഹ്നം മരവിപ്പിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ അക്കൗണ്ടുകളിലുള്ള പണം വിനിയോഗിക്കാൻ ഏത് വിഭാഗത്തിനാണ് യഥാർത്ഥത്തിൽ അവകാശമുള്ളതെന്ന പ്രധാന വിഷയം ഹൈകോടതിയുടേതും തെരഞ്ഞെടുപ്പ് കമീഷന്റെയും പരിഗണനയിലാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഹൈകോടതി നടപടികൾ വേഗത്തിലാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ടി.എം.സിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി, അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ ശക്തമായ വാദങ്ങൾ ഉന്നയിച്ചു. പാർട്ടി വിരുദ്ധമായ ഭരണ-രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ഭാഗമായാണ് പോലീസ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളെ പൂർണമായി തളർത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാദിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻപ് മരവിപ്പിച്ച 3 എച്ച്.ഡി.എഫ്.സി അക്കൗണ്ടുകളിൽ നിന്ന് പാർട്ടിയുടെ ദൈനംദിന ചെലവുകൾ നടത്താൻ നേരത്തെ കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ മേൽനോട്ടത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പോലീസ് മരവിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ബാങ്കിലെ 4 പ്രധാന അക്കൗണ്ടുകളാണ്.
തെരഞ്ഞെടുപ്പ് കമീഷന് മുന്നിലുള്ളത് പാർട്ടി ചിഹ്നം സംബന്ധിച്ച തർക്കം മാത്രമാണെന്നും അത് ബാങ്ക് അക്കൗണ്ടുകളെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിക്കുള്ളിലെ കടുത്ത പിളർപ്പ് ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ വാദങ്ങളെ എതിർത്തു. തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കട്ടെയെന്ന് അദ്ദേഹം ബോധിപ്പിച്ചു.
'വിമത വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടി.എം.സിയുടെ ഒരു പേഴ്സണൽ അസിസ്റ്റന്റ് ഈ അക്കൗണ്ടുകളിലേക്ക് 35 കോടി രൂപ പണമായി നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും തള്ളപ്പെട്ടു. മുൻ സർക്കാരിന്റെ കാലത്ത് സർക്കാർ ഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റി വിറ്റുവെന്നതടക്കമുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് അന്വേഷിക്കുന്നത്,' തുഷാർ മേത്ത വാദിച്ചു.
ദൈനംദിന ചെലവുകൾക്ക് ഇതിനകം തന്നെ അനുമതിയുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ കെ. പരമേശ്വറും ചൂണ്ടിക്കാട്ടി. ഇരുപക്ഷത്തിന്റെയും വാദങ്ങൾ പരിശോധിച്ച ശേഷമാണ് കൽക്കട്ട ഹൈകോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

