ബോഫോഴ്സ് അഴിമതി കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി; ഹിന്ദുജാ സഹോദരന്മാർക്ക് ഡൽഹി ഹൈക്കോടതി നൽകിയ ഇളവിനെതിരെയുള്ള അപ്പീൽ തള്ളി
text_fieldsന്യൂഡൽഹി: ബോഫോഴ്സ് കോഴക്കേസിൽ ഹിന്ദുജാ സഹോദരന്മാർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ 2005 ലെ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ അഡ്വക്കേറ്റ് അജയ് കെ. അഗർവാൾ നൽകിയ അവശേഷിക്കുന്ന ഏക ഹരജിക്കാണ് തിരിച്ചടി ലഭിച്ചത്.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, വിനോദ് കെ. ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയായിരുന്നു. കൂടുതൽ വാദങ്ങൾ കേൾക്കാൻ ഇവർ തയാറായില്ല, 2005 ലെ വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ 2018ൽ തന്നെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് കേസിന്‍റെ അന്തിമ വിധി വന്നിരിക്കുന്നത്.
2005ലെ ഡൽഹി ഹൈക്കോടതി വിധി
ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ് ഹിന്ദുജ എന്നിവർക്കൊപ്പം സ്വീഡിഷ് ആയുധ നിർമാതാക്കളായ എ.ബി. ബൊഫോഴ്സ് എന്നിവർക്കെതിരായ കുറ്റപത്രങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള 2005 മെയ് 31 ലെ ഡൽഹി ഹൈക്കോടതി വിധിയോടെ ആരംഭിച്ച നിയമനടപടികൾക്കാണ് സുപ്രീം കോടതി ഉത്തരവോടെ അവസാനമായിരിക്കുന്നത്. അന്വേഷണത്തിനായി ഖജനാവിൽ നിന്ന് ഏകദേശം 250 കോടി രൂപ ചെലവഴിച്ചതായി നിരീക്ഷിച്ച ഹൈക്കോടതി സി.ബി.ഐയുടെ കേസ് നടത്തിപ്പിനെയും വിമർശിച്ചിരുന്നു.
അപ്പീൽ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്താനുള്ള കാരണം ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, ഡൽഹി ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐയുടെ ഹരജി 2018 നവംബറിൽ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് മുൻപ്, 2018 ജനുവരിയിൽ കുറ്റവിമുക്തമാക്കലിനെതിരെ അന്വേഷണ ഏജൻസി തന്നെ അപ്പീൽ നൽകാതിരിക്കുമ്പോൾ ഒരു സ്വകാര്യ വ്യക്തിക്ക് എങ്ങനെയാണ് ക്രിമിനൽ കേസിൽ അപ്പീൽ നൽകാൻ കഴിയുക എന്ന് ചോദിച്ച് കോടതി അഗർവാളിന്‍റെ ഇടപെടലിനെയും ചോദ്യം ചെയ്തിരുന്നു.
എന്താണ് ബോഫോഴ്സ് വിവാദം?
ഇന്ത്യൻ സൈന്യത്തിലേക്ക് 400 ഹോവിറ്റ്സർ പീരങ്കി തോക്കുകൾ വിതരണം ചെയ്യുന്നതിനായി 1986 മാർച്ച് 24 ന് ഇന്ത്യയും സ്വീഡിഷ് പ്രതിരോധ കമ്പനിയായ എ.ബി. ബൊഫോഴ്സും തമ്മിൽ ഒപ്പുവെച്ച 1,437 കോടി രൂപയുടെ കരാറാണ് വിവാദത്തിന് കാരണം. ഇന്ത്യൻ രാഷ്ട്രീയക്കാർക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും നിയമവിരുദ്ധമായ കമ്മീഷൻ നൽകിയതായി സ്വീഡിഷ് റേഡിയോ ആരോപിച്ചതിനെത്തുടർന്ന് 1987ൽ ഈ അഴിമതി പുറത്തുവന്നു.
ബൊഫോഴ്സ് തോക്ക് ഇടപാടിലെ കോഴ വിവാദം ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങളിലൊന്നിന് വഴിവെച്ചു. ഇത് രാജീവ് ഗാന്ധി സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കി. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ ചർച്ചകളിൽ നിറഞ്ഞുനിന്ന ഈ അഴിമതി, ആ വർഷം കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ആരോപണങ്ങളെ തുടർന്ന്, 1990 ജനുവരിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബൊഫോഴ്സ് മുൻ പ്രസിഡന്‍റ് മാർട്ടിൻ അർദ്ബോ, ഇടനിലക്കാരൻ എന്ന് ആരോപിക്കപ്പെടുന്ന വിൻ ചാദ്ധ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തുടർന്ന് ഇറ്റാലിയൻ വ്യവസായി ഒട്ടാവിയോ ക്വത്രോച്ചി ഉൾപ്പെടെയുള്ള കൂടുതൽ പ്രതികളെ ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിച്ചു. 2000 ഒക്ടോബറിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഹിന്ദുജാ സഹോദരന്മാരെ പ്രതിചേർത്തത്. വെള്ളിയാഴ്ച സുപ്രീം കോടതി അവസാന അപ്പീലും തള്ളിയതോടെ, നാല് പതിറ്റാണ്ടോളമായി കോടതികളിൽ നിലനിന്നിരുന്ന ബോഫോഴ്സ് കോഴക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ ഔദ്യോഗികമായി അവസാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

