എം.പി, എം.എൽ.എമാർക്കെതിരായ പ്രതികാര കേസുകൾ സുപ്രീംകോടതി വിലയിരുത്തും; ക്രിമിനൽ കേസുകൾ പിൻവലിക്കാൻ അനുവദിക്കില്ല
text_fieldsന്യൂഡൽഹി: എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകൾ പ്രോസിക്യൂഷെൻറ പ്രതികാര നടപടിയാണെന്ന് വിലയിരുത്തേണ്ടത് കോടതിയാണെന്നും സർക്കാറല്ലെന്നും സുപ്രീംകോടതി.
പ്രോസിക്യൂഷൻ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് വിലയിരുത്തി ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അനുമതി നൽകാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് അമിക്കസ് ക്യൂറിയോട് പറഞ്ഞു. പകപോക്കലിെൻറ ഭാഗമായുള്ള കേസുകളാണെങ്കിൽ പിൻവലിക്കാൻ സംസ്ഥാന സർക്കാറുകളെ അനുവദിക്കാം എന്ന് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയയുടെ റിപ്പോർട്ടിൽ നിർദേശിച്ചത് സുപ്രീംകോടതി തള്ളി.
അങ്ങനെ ചെയ്താൽ ആ ഒരു ന്യായമെഴുതി എല്ലാ ക്രിമിനൽ കേസുകളും സംസ്ഥാന സർക്കാറുകൾ പിൻവലിക്കുമെന്നും അതിനാൽ ഹൈകോടതിയുടെ അനുമതിയില്ലാതെ എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

