ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ പിരിച്ചുവിട്ട അധ്യാപികക്ക് നഷ്ട പരിഹാരം വിധിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചു വിട്ട അധ്യാപികക്ക് നഷ്ടപരിഹാരം വിധിച്ച് സുപ്രീം കോടതി. ഒരേ വർഷം ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് അധ്യാപികയെ പിരിച്ചു വിട്ടത്. നഷ്ട പരിഹാരത്തിനൊപ്പം ട്രാൻസ്ജെൻഡർ വ്യക്തികളുടെ സംരക്ഷണത്തിന് തുല്യ അവസര നയം രൂപീകരിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജി ആശ മേനോന്‍റെ അധ്യക്ഷതയിൽ കമിറ്റിയും രൂപീകരിച്ചു.
കർണാടകയിൽ നിന്നുള്ള ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു, അകായ് പദ്മശാലി, ദളിത് അവകാശ പ്രവർത്തക വൈജയന്തി വസന്ത മോഗ്ലി, തെലങ്കാനയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗൗരവ് മണ്ഡൽ തുടങ്ങിയവരാണ് കമിറ്റിയിലുണ്ടാവുക. സാമൂഹിക നീതി-ശാക്തീകരണ സെക്രട്ടറി, വനിതാ-ശിശു വികസന കമ്മീഷണർ സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ കമ്മീഷണർ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി എന്നിവർ എക്സ്ഒഫിഷ്യോ അംഗങ്ങളായിരിക്കും.
ജസ്റ്റിസുമാരായ ജെ.ബി പർടിവാല, ആർ. മഹാദേവൻ, എന്നിവരടങ്ങുന്ന ബെഞ്ചാണ് ജെൻഡർ ഐഡന്‍റിറ്റിയുടെ പേരിൽ പിരിച്ചു വിട്ട ജെയ്ൻ കൗശിക്കിന്‍റെ ഹരജിയിൽ വിധി പ്രഖ്യാപിച്ചത്. സര്‍ക്കാർ ഒരു നയ രേഖ പുറത്തിറക്കുന്നത് വരെ പിന്തുടരേണ്ട മാർഗ നിർദേശങ്ങൾ തങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും നയ രേഖ ഇല്ലാത്ത സ്ഥാപനങ്ങൾ കേന്ദ്രം അത് നടപ്പിലാക്കുന്നതു വരെ ഇത് പിന്തുടരണമെന്നും പർദിവാല ആവശ്യപ്പെട്ടു.
തുല്യ അവസര നയം രൂപീകരിക്കൽ, 2019ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമത്തിന്‍റെയും 2020 ലെ നിയമങ്ങളുടെ പഠനം, ന്യായമായ താമസ സൗകര്യത്തിനുള്ള വ്യവസ്ഥകൾ, പരാതി പരിഹാര സംവിധാനങ്ങൾ, ലിംഗഭേദവും പേര് മാറ്റങ്ങളും, ലിംഗഭേദമില്ലാതെ വ്യക്തികൾക്കുള്ള സമഗ്രമായ വൈദ്യ പരിചരണം, ലിംഗഭേദമില്ലാതെ സംരക്ഷണം എന്നിവയാണ് കമിറ്റിയുടെ ചുമതലകൾ.
ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സുരക്ഷിതമാക്കുന്നതിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ വളരെയധികം സഹായിക്കുമെന്ന് വിധി പ്രഖ്യാപനത്തിന് ശേഷം ജസ്റ്റിസ് പർദിവാല പ്രത്യാശ പ്രകടിപ്പിച്ചു. 2014-ൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി വെഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ & അത്‌സ് കേസിൽ ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണൻ, എ.കെ. സിക്രി എന്നിവരടങ്ങിയ ബെഞ്ച് മൂന്നാം ലിംഗക്കാരെ നിയമപരമായി അംഗീകരിച്ച സുപ്രധാന വിധിയെ അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതിയുടെ വിധി.
ട്രാൻസ്‌ജെൻഡർ വ്യക്തികളെ അംഗീകരിക്കുന്ന നിയമം നിലവിലില്ലെന്ന് കരുതി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യ അവസരങ്ങൾ നേടുന്നതിൽ അവരോട് വിവേചനം കാണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് 2019 ലെ ട്രാൻസ്‌ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു നിയമപരമായ ചട്ടക്കൂടും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

