സമ്പുഷ്ട അരി: ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ നടപ്പാക്കിയോ എന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സിക്കിൾ സെൽ അനീമിയ, തലാസീമിയ രോഗികൾക്ക് സമ്പുഷ്ട അരി ഹാനികരമാണെന്ന് മുന്നറിയിപ്പ് നൽകാൻവേണ്ടി, തിരിച്ചറിയാനുതകുന്ന എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി. ഇതുസംബന്ധിച്ച് നാലാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് നിർദേശിച്ചു. 2018ലെ ഭക്ഷ്യസുരക്ഷയും നിലവാരവും (ഭക്ഷണങ്ങളുടെ സമ്പുഷ്ടീകരണം) ചട്ടങ്ങൾ പ്രകാരം സമ്പുഷ്ട അരി അടങ്ങിയ ചാക്കുകളിൽ ഇത്തരം രോഗികൾക്ക് ഇത് ഹാനികരമാണെന്ന ലേബൽ പതിക്കണമെന്ന് നിർദേശമുണ്ട്.
2018 ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് രാജേഷ് കൃഷ്ണനും മറ്റുള്ളവരും സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മൈക്രോന്യൂട്രിയന്റ് ഇരുമ്പ് ഉപയോഗിച്ച് സമ്പുഷ്ടമാക്കിയ ഭക്ഷ്യവസ്തുക്കളുടെ ഓരോ പാക്കിലും ഇനിപ്പറയുന്ന പ്രസ്താവന ഉണ്ടായിരിക്കണമെന്നാണ് നിർദേശം: ‘തലാസീമിയ (രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന രോഗം) രോഗികൾ വൈദ്യോപദേശ പ്രകാരം മാത്രമേ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം കഴിക്കാൻ പാടുള്ളൂ. സിക്കിൾ സെൽ അനീമിയ (വിളർച്ച/അരിവാൾ രോഗം) ഉള്ളവർ ഇരുമ്പ് അടങ്ങിയ ഭക്ഷണ ഉൽപന്നങ്ങൾ കഴിക്കാൻ പാടില്ല.’ പോഷകഗുണം മെച്ചപ്പെടുത്താനായി പ്രധാന വിറ്റമിനുകളും ഇരുമ്പ്, അയഡിൻ, സിങ്ക്, വിറ്റമിൻ എ, ഡി തുടങ്ങിയ ധാതുക്കളും അരി, പാൽ, ഉപ്പ് തുടങ്ങിയ ഭക്ഷണങ്ങളിൽ ചേർക്കുന്നതാണ് സമ്പുഷ്ടീകരണം (ഫോർട്ടിഫിക്കേഷൻ).
കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനാണ് കൃത്രിമ വിറ്റമിനുകളും ധാതുക്കളും ചേര്‍ത്ത് അരിപോലുള്ള ഭക്ഷ്യവസ്തുക്കൾ സമ്പുഷ്ടമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

