വീട്ടുതടങ്കലിന് എൻ.ഐ.എക്ക് ചെലവ് നൽകിയേ തീരൂ; ഗൗതം നവ്ലാഖയോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭീമ കൊറേഗാവ് ഗൂഢാലോചന കേസിൽ പ്രതിയായ ഗൗതം നവ്ലാഖ വീട്ടുതടങ്കലിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതിനാൽ അദ്ദേഹത്തെ നിരീക്ഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്ക് വരുന്ന ചെലവ് നൽകിയേ മതിയാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വീട്ടുതടങ്കലിന് എൻ.ഐ.എക്ക് ചെലവായി 1.65 കോടി രൂപ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തപ്പോഴാണ് നവ്ലാഖക്ക് വേണ്ടി ഹാജരായ അഡ്വ. ശദാൻ ഫറാസത്തിനോട് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. ചെലവ് നൽകുന്നതിന് തങ്ങൾ എതിരല്ലെന്നും ഇത് കണക്കാക്കുന്നതിലാണ് പ്രശ്നമെന്നും ശദാൻ ഫറാസത്ത് ബോധിപ്പിച്ചു. ഇതേ തുടർന്ന് ചെലവ് കണക്ക് സമർപ്പിക്കാൻ എൻ.ഐ.എയോടും അതിലുള്ള എതിർപ്പ് ബോധിപ്പിക്കാൻ ഗൗതം നവ്ലാഖയോടും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. അടുത്ത തവണ വിഷയം കോടതി തീർപ്പാക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

