എഫ്.ഐ.ആറുകൾ പിൻവലിക്കാമെന്ന് സുപ്രീംകോടതി; സി.ജെ.പി യുടെ പ്രധാന ആവശ്യത്തിന് കോടതിയുടെ അംഗീകാരം
text_fieldsവിദ്യാർഥികൾക്കെതിരെയുള്ള ലാത്തി ചാർജ്(ഫയൽ ചിത്രം)
ന്യൂ ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് സമരം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പ് പാലിക്കുന്നതിനും വിദ്യാർഥിക്കൾക്കെതിരെയുള്ള കേസുകൾ ഒഴിവാക്കുന്നതിനും വഴിയൊരുക്കി സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. നേരത്തെ ജൂലൈ 28-ലെ ഉത്തരവിൽ കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ ഇത് വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിന് നിയമപരമായ തടസ്സമാകുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരും സി.ജെ.പി പ്രതിനിധികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്. വിദ്യാർഥികൾക്കെതിരായ കേസുകളിൽ അന്വേഷണം അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നതിനോ എഫ്.ഐ.ആർ പൂർണ്ണമായി പിൻവലിക്കുന്നതിനോ അന്നത്തെ കോടതി ഉത്തരവ് തടസ്സമല്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചെറിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരായി പരിഗണിക്കരുതെന്നും, കൊലപാതകം, ബലാത്സംഗം പോലെയുള്ള ക്രൂരവും ഗുരുതരവുമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ മാത്രമേ അത്തരം വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ എന്നും കോടതി കൂട്ടിച്ചേർത്തു. ഇതുവഴി വിദ്യാർഥികളുടെ ഉന്നതപഠനത്തെയും തൊഴിലവസരങ്ങളെയും കേസ് ബാധിക്കില്ലെന്നും വ്യക്തമായി.
സി.ജെ.പി നേതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും കേസുകൾ പിൻവലിക്കുന്നതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന സി.ജെ.പി -യുടെ പ്രധാനപ്പെട്ട ആവശ്യത്തിനാണ് ഇതോടെ നിയമസാധുത ലഭിച്ചിരിക്കുന്നത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ആരോപിച്ച് ജൂലൈ 20 മുതൽ രാജ്യവ്യാപകമായി വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് കടുത്ത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഡൽഹിക്കു പുറമെ അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളാണ് ഈ ഹരജികളിലുള്ളത്.
പെല്ലറ്റ് ഗൺ, ഷോക്ക് ബറ്റോൺ എന്നിവയുടെ ഉപയോഗം, പ്രതിഷേധക്കാർക്കുണ്ടായ പരിക്കുകൾ, അഭിഭാഷകന് നേരെയുണ്ടായ ആക്രമണം, സിവിൽ വസ്ത്രത്തിലെത്തിയ പോലീസുകാരുടെ അക്രമങ്ങൾ, വനിതാ പ്രതിഷേധക്കാർക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങൾ, ആണിയടിച്ച ലാത്തികൾ ഉപയോഗിച്ചുള്ള മർദ്ദനം എന്നിവയായിരുന്നു കോടതിക്ക് മുന്നിലെത്തിയ പ്രധാന ആരോപണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

