കമാൽ മൗല പള്ളി സമുച്ചയത്തിൽ മുസ്‍ലിംകൾക്കൊപ്പം ഹിന്ദുക്കൾക്കും പ്രാർഥന നടത്താൻ സുപ്രീംകോടതി അനുമതി
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ കമാൽ മൗല പള്ളി സമുച്ചയത്തിൽ വെള്ളിയാഴ്ച ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും പ്രാർഥന നടത്താൻ സുപ്രീം കോടതി അനുമതി. വെള്ളിയാഴ്ചകളിൽ ബസന്ത് പഞ്ചമി വരുന്ന സമയത്ത് ഹിന്ദുമത വിഭാഗങ്ങൾക്ക് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പ്രാർഥിക്കാൻ അനുമതിയുണ്ട്. അതുപോലെ മുസ്‍ലിംകൾക്ക് ഉച്ചക്ക് ഒരുമണി മുതൽ മൂന്നുമണി വരെയും വെള്ളിയാഴ്ച പ്രാർഥന നടത്താം.
എന്നാൽ ജുമുഅ നമസ്കരിക്കാൻ വരുന്ന വ്യക്തികളുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും ക്രമസമാധാന പാലനത്തിന് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ഇരുവിഭാഗങ്ങളോടും അഭ്യർഥിക്കുകയും ചെയ്തു.
ബസന്ത് പഞ്ചമി ദിനത്തിൽ പള്ളി സമുച്ചയത്തിൽ പ്രാർഥന നടത്താൻ ഹിന്ദുക്കൾക്ക് പ്രത്യേക അവകാശ നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടന സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജനുവരി രണ്ടിനാണ് ഹരജി നൽകിയത്. കോടതി ഈ ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുകയും ചെയ്തു.
2003ലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉത്തരവിൽ വെള്ളിയാഴ്ച നമസ്കാരവും ബസന്ത് പഞ്ചമിയും ഒത്തുവരുമ്പോൾ എന്തു ചെയ്യണമെന്ന് പറയുന്നില്ലെന്നും ഈ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം മുസ്‍ലിംകൾക്ക് വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണിമുതൽ മൂന്നുമണി വരെ നമസ്കരിക്കാൻ അനുമതിയുണ്ട്. ബസന്ത് പഞ്ചമി ദിനത്തിൽ ഹിന്ദുക്കൾക്കും പ്രാർഥന നടത്താം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അവർക്ക് പ്രത്യേക പ്രവേശനവും അനുവദിച്ചിട്ടുണ്ട്.
നിലവിൽ ബസന്ത് പഞ്ചമിക്ക് മുന്നോടിയായി മധ്യപ്രദേശിലെ ധറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സി.ആർ.പി.എഫ്, ആർ.എ.എഫ് എന്നിവരുൾപ്പെടെ ഏതാണ്ട് 8000 പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് കാൽനട, വാഹന പട്രോളിങും നടത്തുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും നിരീക്ഷിക്കുകയാണ്. നഗരത്തിലുടനീളമുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും പൊലീസ് പരിശോധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

