കേന്ദ്രത്തിനെതിരെ സുപ്രീംകോടതി; 70 ജഡ്ജി നിയമന ശിപാർശകളിൽ നടപടിയില്ല
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ഹൈകോടതികളിലേക്കുള്ള കൊളീജിയത്തിന്റെ 70 ജഡ്ജി നിയമന, സ്ഥലംമാറ്റ ശിപാർശകൾക്ക് മേൽ അടയിരിക്കുന്ന കേന്ദ്ര സർക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇതോടെ ഇടവേളക്ക് ശേഷം ജഡ്ജി നിയമനത്തെച്ചൊല്ലി കേന്ദ്ര സർക്കാറും സുപ്രീംകോടതിയും വീണ്ടും ഏറ്റുമുട്ടലിൽ. ഏഴ് ജഡ്ജിമാരുടെ നിയമന ശിപാർശ കേന്ദ്രം മടക്കിയ ശേഷം കൊളീജിയം ശിപാർശ ആവർത്തിച്ചതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു.
ജഡ്ജി നിയമനത്തിലെ കൊളീജിയം ശിപാർശ നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയായ ‘കോമൺ കോസ്’ സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമർശനം നടത്തിയത്. കേന്ദ്രം മടക്കിയിട്ടും സുപ്രീംകോടതി ആവർത്തിച്ച് ശിപാർശ ചെയ്ത 16 ജഡ്ജി നിയമനങ്ങൾ നടത്താൻ സർക്കാർ തയാറായില്ലെന്നും ഇതേ തുടർന്ന് ശിപാർശ ചെയ്യപ്പെട്ട പല അഭിഭാഷകരും പിന്മാറിയെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചത് ബെഞ്ച് ശരിവെച്ചു.
എല്ലാ 10 ദിവസം കൂടുമ്പോഴും ജഡ്ജി നിയമന കേസ് കോടതി പരിഗണിക്കും. കൂടുതൽ പറയണമെന്ന് വിചാരിച്ചതാണെന്നും ഏഴ് ദിവസം കൂടി അറ്റോണി ജനറൽ (എ.ജി) ആർ. വെങ്കിട്ട രമണി ചോദിച്ചതിനാൽ കാത്തിരിക്കാമെന്നും ജസ്റ്റിസ് കൗൾ തുടർന്നു. ഈ വർഷം ഏപ്രിലിന് മുമ്പ് നൽകിയ ശിപാർശകളിലെങ്കിലും നിയമനം നടത്താൻ കേന്ദ്ര സർക്കാറിനോട് പറയണമെന്ന് എ.ജിയോട് നിർദേശിച്ചു.
‘അറ്റോണി പരിശ്രമിക്കുന്നുണ്ടാകാം എന്നാൽ കാര്യങ്ങൾ അദ്ദേഹത്തിനപ്പുറത്താണെന്ന്’ പ്രശാന്ത് ഭൂഷൺ പറഞ്ഞതിൽ പ്രതിഷേധിച്ച എ.ജി, പരാമർശം അനാവശ്യമാണെന്ന് പ്രതികരിച്ചു. എന്നാൽ, ഇതിൽ ഇടപെട്ട ജസ്റ്റിസ് കൗൾ, വെങ്കിട്ട രമണിയുടെ മുൻഗാമി കെ.കെ വേണുഗോപാൽ കുറച്ചൊക്കെ സമ്മർദം ചെലുത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. കൊളീജിയം ശിപാർശ ആവർത്തിച്ചവരിൽ സൗരഭ് കൃപാൽ, സോമശേഖരൻ സുന്ദരേശൻ, ജോൺ സത്യൻ എന്നീ പ്രമുഖ അഭിഭാഷകരും ഉൾപ്പെടും.
‘ശിപാർശകൾ 2022 നവംബർ മുതലുള്ളത്’
2022 നവംബർ 11 മുതലുള്ള 70 ശിപാർശകളാണ് തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ കൈയിൽവെച്ചിരിക്കുന്നതെന്ന് അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയെ സുപ്രീംകോടതി ഓർമിപ്പിച്ചു. നാലു ദിവസം മുമ്പുവരെ 80 ശിപാർശകളുണ്ടായിരുന്നു. ഇതിൽ പത്തിൽ സർക്കാർ നിയമന നടപടി എടുത്തതോടെ 70 ആയി. ഇതിൽ ഏഴ് ശിപാർശകൾ ആവർത്തിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

