തമിഴ്നാട് എ.ഡി.ജി.പിയുടെ അറസ്റ്റിനെതിരെ സുപ്രീം കോടതി; സസ്പെൻഷൻ പിൻവലിക്കണം
text_fieldsന്യൂഡൽഹി: പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വേർപെടുത്തുന്നതിന് കാമുകന്റെ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട് എ.ഡി.ജി.പി അറസ്റ്റിലായതിനു പിന്നാലെ മദ്രാസ് ഹൈകോടതിക്കെതിരെ സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ
എച്ച്.എം. ജയറാമിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. സസ്പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു.
എ.ഡി.ജി.പിയെ അറസ്റ്റ് ചെയ്യാനുള്ള മദ്രാസ് ഹൈകോടതി ഉത്തരവിൽ സുപ്രീം കോടതി ഞെട്ടൽ രേഖപ്പെടുത്തി. ജയറാം ഇതുവരെ അന്വേഷണവുമായി സഹകരിച്ച സാഹചര്യത്തിൽ സസ്‌പെൻഷൻ ആവശ്യമാണോ എന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് ചോദിച്ചു. 28 വർഷത്തെ സർവിസുള്ള ഉദ്യോഗസ്ഥനെതിരായ നടപടി അദ്ദേഹത്തിന്റെ മനോവീര്യം കെടുത്തുന്നതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മനുഷ്യക്കടത്ത് കേസിൽ എ.ഡി.ജി.പി (സായുധ സേന) എച്ച്.എം. ജയറാമിനെ മദ്രാസ് ഹൈകോടതി നിർദേശാനുസരണം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചിരുന്നു.
ഹൈകോടതിയുടെ അറസ്റ്റ് ഉത്തരവിനെതിരെ ജയറാം സുപ്രീം കോടതിയെ സമീപിച്ചു. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വേർപെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കാമുകന്റെ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോയതിന് ‘പുരട്ച്ചി ഭാരതം’ പാർട്ടി നേതാവും വെല്ലൂർ ജില്ലയിൽപ്പെട്ട കെ.വി കുപ്പം നിയോജകമണ്ഡലത്തിലെ എം.എൽ.എയുമായ പൂവൈ എം.ജഗൻമൂർത്തിക്കെതിരെ കേസെടുത്തിരുന്നു. പ്രസ്തുത കേസിൽ എ.ഡി.ജി.പി ജയറാമിന്റെ പങ്കാളിത്തം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മദ്രാസ് ഹൈകോടതി ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

