കേണൽ സോഫിയ ഖുറേഷിക്ക് എതിരായ പരാമർശം; മധ്യപ്രദേശ് മന്ത്രിയെ വീണ്ടും വിമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന നിർദേശം പാലിക്കാത്തതിൽ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മന്ത്രിയുടെ പെരുമാറ്റം അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെയും സത്യസന്ധതയെയും സംശയത്തിലാക്കുന്നെന്ന് കോടതി പറഞ്ഞു.
മന്ത്രി നടത്തിയ ഓൺലൈൻ ക്ഷമാപണത്തെയും കോടതി വിമർശിച്ചു. ഇങ്ങനെ ക്ഷമാപണം നടത്തിയതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്നും കോടതി ചോദിച്ചു. മന്ത്രി ഓൺലൈനിൽ മാപ്പുപറഞ്ഞിരുന്നെന്നും ബന്ധപ്പെട്ട രേഖകൾ രേഖകളിൽ ഉൾപ്പെടുത്തുമെന്നും കുൻവർ ഷാക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വർ അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന്, മന്ത്രിയുടെ പ്രസ്താവനകൾ പരിശോധിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ആഗസ്റ്റ് 13നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാകുർ സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കാൻ വിസമ്മതിച്ച ബെഞ്ച് പക്ഷേ, മുൻകാല സംഭവങ്ങളെക്കുറിച്ച് ഹരജിയിൽ ഉന്നയിച്ച ചില ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്ന് വ്യക്തമാക്കി. കേസ് ആഗസ്റ്റ് 18നു വീണ്ടും പരിഗണിക്കും.
ഓപറേഷൻ സിന്ദൂറിന് പിന്നാലെ, കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ വിജയ് ഷാക്കെതിരെ മധ്യപ്രദേശ് ഹൈകോടതി സ്വമേധയാ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. മേയ് 15ന് വിജയ് ഷാക്കെതിരെ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഈ രണ്ട് ഉത്തരവുകളും ചോദ്യംചെയ്താണ് വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

