കശ്മീരിന് പ്രത്യേക പദവി: കേസിൽ വാദം കേൾക്കുന്നത് മാറ്റി
text_fieldsന്യൂഡൽഹി: ജമ്മുകശ്മീർ സർക്കാറിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. 2019 ജനുവരി വരെ കേസിൽ സുപ്രീംകോടതി വാദം കേൾക്കില്ല. 1954ലാണ് ആർട്ടിക്കൾ 35എ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാവുന്നത്.
കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നം മുൻ നിർത്തിയായിരുന്നു സർക്കാറുകളുടെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. രാജ്യത്തെ അഖണ്ഡതക്കെതിരാണ് വകുപ്പെന്ന് ചൂണ്ടിക്കാട്ട് ഒരു എൻ.ജി.ഒയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കശ്മീരിലുള്ള സുരക്ഷാ സേനകളെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുളള ശ്രമങ്ങളിലാണ്. ഇയൊരു സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് കേന്ദ്രസർക്കാറിനായി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ വാദിച്ചു.
