പാക് പ്രതിസന്ധി: യുക്തമായ ഉത്തരവ് പുറപ്പെടുവിക്കും -സുപ്രീംകോടതി
text_fieldsഇസ്‍ലാമാബാദ്: നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് യുക്തമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന്, പാകിസ്താൻ പാർലമെന്റിൽ അവിശ്വാസം റദ്ദാക്കിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരായ ഹരജിയിൽ സുപ്രീം കോടതി. വാദം അവസാനിപ്പിക്കും മുമ്പ് മുഴുവൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും കേൾക്കുമെന്ന് പറഞ്ഞ് ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
ദേശീയ അസംബ്ലി പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റും പ്രധാനമന്ത്രിയും കൊണ്ടുവരുന്ന ഏതൊരു ഉത്തരവിന്റെയും നടപടിക്രമത്തിന്റെയും ഭാവി കോടതി ഉത്തരവിന് അനുസരിച്ചായിരിക്കുമെന്ന് വിഷയത്തിൽ ഞായറാഴ്ച തന്നെ ഇടപെട്ട സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ അഞ്ചംഗ വിപുല ബെഞ്ചാണ് തിങ്കളാഴ്ച വാദം കേട്ടത്. പ്രാഥമിക വാദങ്ങൾക്കുശേഷം, ഹരജിയിൽ ചൊവ്വാഴ്ച വാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. പ്രസിഡന്റ് ആൽവി, സുപ്രീംകോടതി ബാർ അസോസിയേഷൻ, മുഴുവൻ രാഷ്ട്രീയ പാർട്ടികൾ എന്നിവരാണ് എതിർ കക്ഷികൾ.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സംബന്ധിച്ച് സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും അഭിഭാഷകർ തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചു. ഫുൾബെഞ്ച് വാദം കേൾക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. ഇതിനിടെ, ഞായറാഴ്ച പാർലമെന്റ് പിരിച്ചുവിടപ്പെട്ട ഉടൻ പ്രതിപക്ഷ കക്ഷികൾ സഭയിൽ 'സ്വന്തം സെഷൻ' വിളിച്ചുചേർത്തുവെന്നും ഇതിൽ പ്രധാനമന്ത്രിക്കെതിരായ അവിശ്വാസപ്രമേയം 342 അംഗ സഭയിൽ 197 വോട്ടുകൾക്ക് വിജയിച്ചുവെന്നും ഡോൺ പത്രം റിപ്പോർട്ടു ചെയ്തു.
(തിങ്കളാഴ്ചത്തെ പത്രത്തിൽ 'ഇംറാൻ ഖാന്റെ രാഷ്ട്രീയം: നാൾവഴി' വാർത്തക്കൊടുവിൽ നൽകിയ തീയതിയിൽ 2021 എന്നത് 2022 എന്ന് തിരുത്തി വായിക്കാനപേക്ഷ. -എഡിറ്റർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

