ന്യൂഡൽഹി: മതചിഹ്നങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിെൻറയും മാതാ വൈഷ്ണോ ദേവിയുടെയും ചിത്രങ്ങളോടെ 2010, 2013 വർഷങ്ങളിലിറക്കിയ നാണയങ്ങൾ പിൻവലിക്കാൻ റിസർവ് ബാങ്കിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നഫിസ് ക്വാസി, അബു സഇൗദ് എന്നീ ഡൽഹി സ്വദേശികളാണ് ഹരജി നൽകിയത്.
ഇത്തരം നാണയങ്ങൾ രാജ്യത്തിെൻറ മതനിരപേക്ഷതക്ക് പോറലേൽപിക്കില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ െബഞ്ച് ചൂണ്ടിക്കാട്ടി. പ്രത്യേക സന്ദർഭങ്ങളുടെ ഒാർമക്ക് നാണയങ്ങളിറക്കുന്നത് സർക്കാർ നയത്തിെൻറ ഭാഗമാണ്. -കോടതി ചൂണ്ടിക്കാട്ടി.
എങ്ങനെയാണ് ഇവ മതനിരപേക്ഷതക്ക് ഹാനികരമാകുന്നതെന്ന് ഹരജിക്കാർ വ്യക്തമാക്കണം. മതനിരപേക്ഷത എന്നാൽ എല്ലാ മതങ്ങളോടുമുള്ള തുല്യ ആദരവും പരിഗണനയുമാണ്; കോടതി പറഞ്ഞു. മതപ്രതീകങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതിനെതിരെ ദേശീയ നയം രൂപവത്കരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം ആയിരം വർഷം തികച്ച 2013ലാണ് ക്ഷേത്രത്തിെൻറ ചിത്രവുമായി അഞ്ചുരൂപ നാണയം ഇറക്കിയത്.