ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിെൻറ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട് മൂന്ന് പ്രത്യേക ദുരന്തനിവാരണ സമിതികൾക്ക് രൂപം നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരള, തമിഴ്നാട് സർക്കാറുകളും കേന്ദ്രസർക്കാറും രൂപവത്കരിക്കുന്ന ഈ സമിതികൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും എന്നാൽ, അതിെൻറ ആയുസ്സ് എത്രയാണെന്ന് പറയാൻ കഴിയില്ലെന്നും കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ െക.കെ. വേണുഗോപാൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമീഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. രാജ്യത്തെ 5000ഒാളം അണക്കെട്ടുകളുെട സുരക്ഷ കേന്ദ്രം പരിശോധിച്ചുവരുകയാണെന്നും അറ്റോണി ജനറൽ കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ട് 50വർഷത്തേക്ക് നിർമിച്ചതാണെന്നും എന്നാൽ, ഇപ്പോൾ ഡാം നിർമിച്ചിട്ട് 122 വർഷമായെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. റസൽ ജോയിയും അഡ്വ. മനോജ് ജോർജും ചൂണ്ടിക്കാട്ടി. 2010 ലെ അണക്കെട്ടിെൻറ സുരക്ഷബിൽ ഇന്നും വെളിച്ചം കണ്ടിട്ടില്ല. ഡാം െപാട്ടാൻവേണ്ടി കാത്തിരിക്കരുതെന്നും അടിയന്തരമായി ഒരു പദ്ധതി തയാറാക്കണമെന്നും ഹരജിക്കാർ വാദിച്ചു.