ലോയ കേസിൽ പ്രത്യേക അന്വേഷണമില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണ നടത്തിയ സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജഡ്ജി ലോയയുടെ മരണം സ്വാഭാവികമാണെന്ന് പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മരണവുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകാവുന്ന നിയമനടപടികൾക്കും എന്നന്നേക്കുമായി തടയിട്ടു.
നാല് ജഡ്ജിമാര്‍ പൊലീസ് ഇൻറലിജന്‍സിന് നല്കിയ മൊഴി അവിശ്വസിക്കേണ്ട കാര്യം സുപ്രീംകോടതിക്കില്ല എന്നും തങ്ങള്‍ക്ക് മുമ്പാകെ വെച്ച രേഖകള്‍ പ്രകാരം ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണെന്നും മൂന്നംഗ ബെഞ്ച് വിധിച്ചു. ജഡ്ജിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെടാവുന്ന ഒരു സംശയവുമില്ല. അതിനാല്‍, ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എ. ഖൻവിൽകർ എന്നിവർ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിെൻറ ഇൻറലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണം അവസാനത്തേതാണെന്നും അതല്ലാതെ ഭാവിയിൽ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധി പുറപ്പെടുവിച്ചത്. ജഡ്ജി ലോയയുടെ ദുരൂഹ മരണം പുറത്തുകൊണ്ടുവന്ന ‘കാരവന് മാഗസിന്’ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കെല്ലാം മഹാരാഷ്ട്ര ഇൻറലിജന്‍സ് റിപ്പോര്‍ട്ടു കൊണ്ടാണ് സുപ്രീംകോടതി മറുപടി നല്‍കിയത്.
വിധിക്ക് ആധാരമായ റിപ്പോര്‍ട്ടിന് ഉത്തരവാദിയായ മഹാരാഷ്ട്ര ഇൻറലിജന്‍സ് ഡയറക്ടര്‍ ജനറല്‍ സജീവ് ബാര്‍വെ, ഇൻറലിജന്‍സ് റിപ്പോര്‍ട്ടിനായി മൊഴിയെടുത്ത നാല് ജഡ്ജിമാര്‍, കാരവന് റിപ്പോര്‍ട്ടര്‍ നിരഞ്ജന് താക്ലെ, ജഡ്ജി ലോയയുടെ മകന്, ഭാര്യ, പിതാവ്, സുഹൃത്ത് എന്നിവരെ ക്രോസ് വിസ്താരം ചെയ്യണമെന്ന ഹരജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദവെയുടെ ആവശ്യം ജുഡീഷ്യറിയോടുള്ള അനാദരവാണെന്ന് പറഞ്ഞ് സുപ്രീംകോടതി തള്ളി. ആശുപത്രി രേഖകള്‍ പരിശോധിച്ച എയിംസിലെ മുന്‍ ഉദ്യോഗസ്ഥനും വിദഗ്ധനുമായ ഡോ. ആര്.കെ. ശര്‍മ ജഡ്ജി ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ല എന്ന വിദഗ്ധാഭിപ്രായം, ഇത്തരത്തില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് എയിംസിെൻറ ഒൗദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടിയും സുപ്രീംകോടതി തള്ളി. ബോംബെ ലോയേഴ്സ് അസോസിയേഷന്, ജയശ്രീ ലക്ഷ്മണ് റാവു പാട്ടീല്‍, സൂര്യകാന്ത് എന്ന സൂരജ്, ബി.ജെ.പി മഹാരാഷ്ട്ര ഘടകവുമായി ബന്ധപ്പെട്ട ബന്ധുരാജ് സംഭാജി ലോണ്‍, മുമ്പ് കോണ്‍ഗ്രസ് ബന്ധമുണ്ടായിരുന്ന തഹ്സീന് പുനെവാല തുടങ്ങിയവരുടെ ഹരജികള്‍ തീര്‍പ്പാക്കിയാണ് സുപ്രീംകോടതി വിധി.
വിധിപറഞ്ഞ ബെഞ്ചിലുള്ള ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ. ഖന്‍വില്‍കറും നേരത്തെ ബോംബെ ഹൈകോടതി ജഡ്ജിമാരെന്ന നിലയില്‍ ആരോപണവിധേയരായ ജഡ്ജിമാരെ അറിയുന്നവരായതിനാൽ അവർ ഈ കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഉയര്‍ത്തിയ വാദവും കോടതി തള്ളി. ഏത് ജഡ്ജിമാര്‍ കേസ് കേള്‍ക്കണമെന്നത് അവര്‍ക്കിടയിലെ സമവായമാണ്. അല്ലാതെ വിട്ടുനില്‍ക്കണമെന്ന് പറയാന്‍ അവകാശമില്ല. വിവിധ ഹൈകോടതികളില്‍ ജഡ്ജിമാരായിരുന്ന സുപ്രീംകോടതി ജഡ്ജിമാര്‍ അവിടെ നിന്നുവരുന്ന അപ്പീലുകള്‍ കേള്‍ക്കുന്നതില്‍ തെറ്റില്ലെന്നും വിധി ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
