Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരുന്നത് സൂപ്പർ എൽ...

വരുന്നത് സൂപ്പർ എൽ നിനോയോ?, ഇന്ത്യയിൽ കാലവർഷം ദുർബലമായേക്കും

text_fields
bookmark_border
വരുന്നത് സൂപ്പർ എൽ നിനോയോ?, ഇന്ത്യയിൽ കാലവർഷം ദുർബലമായേക്കും
cancel

ന്യൂഡൽഹി: ഈ വർഷത്തെ കാലവർഷം ദുർബലമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമാണ് ഇത്തവണ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.

രാജ്യത്ത് ഇത്തവണ മഴ കുറയാൻ 60 ശതമാനം സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തെ 52 ശതമാനത്തോളം കൃഷിഭൂമി ഇപ്പോഴും മഴയെ ആശ്രയിച്ചുകഴിയുന്ന സാഹചര്യത്തിൽ ഈ കുറവ് കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം മൂലം ആഗോള കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പ്രതിഭാസമാണ് എൽ നിനോ. പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമുള്ള ഉപരിതല ജലത്തിന് അസാധാരണമാംവിധം ചൂട് കൂടുന്ന അവസ്ഥയാണിത്.

മേയ് മുതൽ ജൂലൈ മാസങ്ങൾക്കിടയിൽ എൽ നിനോ രൂപപ്പെടാൻ 82 ശതമാനം സാധ്യതയുണ്ടെന്നും, ശൈത്യകാലത്തോടെ ഇത് 96 ശതമാനമായി ഉയരുമെന്നുമാണ് യു.എസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കണക്കാക്കുന്നത്.

ഇത്തവണത്തേത് സാധാരണ എൽ നിനോയേക്കാൾ കരുത്തുറ്റതാകുമെന്നും, 1982-83, 1991-92, 1997-98, 2015-16 കാലഘട്ടങ്ങളിലെ 'സൂപ്പർ എൽ നിനോ'കൾക്ക് സമാനമായിരിക്കുമെന്നും ശാസ്ത്രലോകം ആശങ്കപ്പെടുന്നു.

ചരിത്രപരമായി നോക്കിയാൽ, എൽ നിനോ വർഷങ്ങളിൽ 60 ശതമാനവും ഇന്ത്യയിൽ മഴ കുറയാറാണ് പതിവ്. എന്നാൽ മഴയുടെ അളവിനേക്കാൾ ഉപരിയായി അത് എപ്പോൾ, എവിടെ പെയ്യുന്നു എന്നതാണ് പ്രധാനമെന്ന് യൂനിവേഴ്സിറ്റി ഓഫ് മേരിലാൻഡ് ആൻഡ് ഐ.ഐ.ടി കാൻപൂരിലെ പ്രഫസർ രഘു മുർട്ടുഗുഡ്ഡെ ചൂണ്ടിക്കാട്ടുന്നു.

മഴയുടെ വിതരണത്തിൽ അസന്തുലിതാവസ്ഥയുണ്ടാകാനും ഇടവേളകൾ നീണ്ടുപോകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യം കാർഷിക വിളകളെ ദോഷകരമായി ബാധിക്കും. വിളകളുടെ വളർച്ചാ ഘട്ടങ്ങളിൽ മഴ ലഭിക്കാത്തത് വിളവ് വൻതോതിൽ കുറയാൻ കാരണമാകും.

എൽ നിനോ ആഗോള താപനിലയിലും വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. നാല് പതിറ്റാണ്ട് മുമ്പുണ്ടായ ‘സൂപ്പർ എൽ നിനോ’ക്ക് സമാനമായിരിക്കും ഇതെന്നും, 2027ൽ താപനില റെക്കോർഡ് ഭേദിക്കുമെന്നും സ്കൈമെറ്റ് വെതർ പ്രസിഡന്റ് ജി.പി. ശർമ വ്യക്തമാക്കി.

തീവ്രമായ ചൂടും അപര്യാപ്തമായ മഴയും ഒരേസമയം നേരിടേണ്ടി വരുന്നത് ഇന്ത്യക്ക് വെല്ലുവിളിയാകും. മഴ വൈകുന്നത് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഉഷ്ണതരംഗങ്ങൾക്ക് കാരണമായേക്കാം. മഴ വൈകുന്നത് കർഷകരുടെ തീരുമാനങ്ങളെയും ചെലവുകളെയും വിളവെടുപ്പിനെയും ബാധിക്കുമെന്ന് ഭക്ഷ്യ നയ വിദഗ്ധൻ ദേവിന്ദർ ശർമ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനവും നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഒത്തുചേരുന്നത് ഇന്ത്യക്ക്, പ്രത്യേകിച്ച് കാർഷിക മേഖലക്ക് വലിയ വെല്ലുവിളിയാണ്. മഴയുടെ മൊത്തം അളവിനേക്കാൾ വിതരണത്തിലെ പിഴവുകളാണ് ആശങ്കയെന്ന് സെന്റർ ഫോർ സസ്റ്റൈനബിൾ അഗ്രികൾച്ചറിലെ ഡോ. ജി.വി. രാമനേജയലു വ്യക്തമാക്കി.

നെല്ല് പോലുള്ള ജലം കൂടുതൽ ആവശ്യമുള്ള കൃഷികൾ കുറച്ച് ചെറുധാന്യങ്ങളിലേക്കും മറ്റും മാറണമെന്നും, കൃഷിരീതികളിൽ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം നിർദേശിക്കുന്നു. മഴ കുറയുന്നത് വിളകളെ മാത്രമല്ല, ജലലഭ്യതയെയും സാരമായി ബാധിക്കും. ഭൂഗർഭജല നിരക്ക് താഴുകയും ജലസംഭരണികളിലെയും പുഴകളിലെയും ജലനിരപ്പ് കുറയുകയും ചെയ്യുന്നത് നഗരങ്ങളെയും വ്യവസായങ്ങളെയും കാർഷിക മേഖലയെയും ഒരുപോലെ ബാധിക്കും.

ദീർഘകാല ശരാശരിയുടെ 90 ശതമാനം മാത്രം മഴ ലഭിക്കുന്നത് രാജ്യത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഫ്ലെയിം സർവകലാശാലയിലെ ഡോ. അഞ്ജൽ പ്രകാശ് മുന്നറിയിപ്പ് നൽകി.എൽ നിനോയുടെ ആഘാതം കുറക്കാൻ ‘ഇന്ത്യൻ ഓഷ്യൻ ഡൈപോൾ’ എന്ന പ്രതിഭാസത്തിന് സാധിച്ചേക്കും. പോസിറ്റീവ് ഐ.ഒ.ഡി രൂപപ്പെടുന്നത് എൽ നിനോയുടെ വരൾച്ചാ സ്വാധീനത്തെ മറികടക്കാൻ സഹായിക്കാറുണ്ട്.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ എൽ നിനോയുടെ ശക്തമായ സ്വാധീനത്തെ പൂർണമായി നേരിടാൻ ഐ.ഒ.ഡിക്ക് കഴിഞ്ഞേക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആശ്വാസത്തിന് സാധ്യതയുണ്ടെങ്കിലും അത് പൂർണമായ രക്ഷയാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:El NinoMonsoonDrough
News Summary - Super El Niño May Weaken Monsoon in 2026; IMD Warns 90% Rainfall, Agriculture at Risk
Next Story