യോഗി ആദിത്യനാഥ് 'സൂപ്പർ ചീഫ് ജസ്റ്റിസ്'ചമയുന്നു; രൂക്ഷ വിമർശനവുമായി ഉവൈസി
text_fieldsഅസദുദ്ദീൻ ഉവൈസി
ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സൂപ്പർ ചീഫ് ജസ്റ്റിസെന്ന് പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യു.പി മുഖ്യമന്ത്രി 'സൂപ്പർ ചീഫ് ജസ്റ്റിസ്' ആയി. അദ്ദേഹം സ്വന്തം കോടതിയിൽ ആരെ വേണമെങ്കിലും ശിക്ഷിക്കുമെന്നും ഉവൈസി പറഞ്ഞു.
അഫ്രീൻ ഫാത്തിമയുടെ വീട് അവരുടെ അമ്മയുടെ പേരിലായിരുന്നു. അഞ്ചു പേരെ കൊലപ്പെടുത്തിയ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വീട് എന്താണ് പൊളിക്കാത്തതെന്ന് ഉവൈസി ചോദിച്ചു. ഇന്ത്യയിലെ മുസ്ലീംകൾക്ക് കൂട്ട ശിക്ഷയാണ് ബി.ജെ.പി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചക നിന്ദക്കെതിരെ പ്രയാഗ്‌രാജിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ജാവേദ് മുഹമ്മദിന്റെ വീട് ജൂൺ 12 നാണ് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി പൊളിച്ച് നീക്കിയത്. പൊളിക്കുന്നതിന് ഒരു ദിവസം മുമ്പ് പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്നും എല്ലാ അനധികൃത സ്വത്തുക്കളും നശിപ്പിക്കുമെന്നും ഉത്തർപ്രദേശ് പൊലീസ് അറിയിച്ചിരുന്നു.
പൊളിച്ച് നീക്കപ്പെട്ട വീട് തന്‍റെ മാതാവിന്‍റെ പേരിലാണെന്നും വീടോ സ്ഥലമോ തന്‍റെ പിതാവിന്‍റേതല്ലെന്നും അഫ്രീൻ ഫാത്തിമ അവകാശപ്പെട്ടിരുന്നു. ജാവേദ് മുഹമ്മദിന്‍റെ വീട്ടിൽ നടത്തിയ പരിശേധനയിൽ അനധികൃത ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.