'രാഷ്ട്രീയം അല്ല എന്റെ ലോകം'- പാർലമെന്റിൽ ഹാജർ കുറഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് സണ്ണി ഡിയോൾ
text_fieldsമുംബൈ: വർഷത്തിൽ ഒരു സിനിമ എന്നതാണ് ബോളിവുഡ് നടനും എം.പിയുമായ സണ്ണി ഡിയോളിന്റെ രീതി. ഇതേ രീതിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ പാർലമെന്റിലെ ഹാജർ നിലയും. ഇതേ കുറിച്ച് ചോദ്യം വന്നപ്പോൾ രാഷ്ട്രീയമല്ല തന്റെ ലോകമെന്നായിരുന്നു സണ്ണി ഡിയോളിന്റെ മറുപടി.
''ശരിയാണ്, പാർലമെന്റിൽ എന്റെ ഹാജർ നില വളരെ കുറവാണ്. ഇത് ശരിയല്ലെന്നും അറിയാം. എന്നാൽ രാഷ്ട്രീയത്തിലെത്തിയ സമയം തൊട്ട് ഇതെന്റെ ലോകമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ എന്റെ നിയോജക മണ്ഡലത്തിനായി ഞാൻ പ്രവർത്തിക്കുന്നുണ്ട്. അത് തുടരുകയും ചെയ്യും. ഞാൻ പാർലമെന്റിൽ പോകുന്നുണ്ടോ ഇല്ലയോ എന്നതിലല്ല. അതൊന്നും എന്റെ മണ്ഡലത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ല. പാർലമെന്റിൽ പോകുമ്പോൾ ഞാൻ പ്രശ്നങ്ങൾ നേരിടാറുണ്ട്. അവിടെ കടുത്ത സുരക്ഷ സംവിധാനമുണ്ട്. ഒരു നടനെന്ന നിലയിൽ നിങ്ങൾ എവിടെ പോയാലും ആളുകൾ പിന്തുടരും. ജനങ്ങൾക്ക് ചെയ്ത് കൊടുത്ത കാര്യങ്ങളുടെ ഒരു പട്ടിക തന്നെ എന്റെ കൈയിലുണ്ട്. എന്നാൽ ഇതൊന്നും ഞാൻ പെരുപ്പിച്ച് കാണിക്കാറില്ല. രാഷ്ട്രീയം എന്നത് തീർച്ചയായും ഒരു പ്രഫഷനാണ്. എന്നാൽ എനിക്കത് യോജിക്കില്ല.''-എന്നാണ് സണ്ണി ഡിയോൾ പറഞ്ഞത്.
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും നടൻ വ്യക്തമാക്കി. ''സണ്ണി ഡിയോൾ തന്റെ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുകയാണെന്നും അത് തുടരുമെന്നും മോദി ജിക്കും അറിയാം.''-സണ്ണി ഡിയോൾ നയം വ്യക്തമാക്കി.
2019 ഏപ്രിൽ 23നാണ് സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേർന്നത്. പഞ്ചാബിലെ ഗുരുദാസ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. കോൺഗ്രസിന്റെ സുനിൽ ജാഖറെയാണ് സണ്ണി പരാജയപ്പെടുത്തിയത്. ഗദർ 2 സിനിമയുടെ ത്രസിപ്പിക്കുന്ന വിജയാഘോഷത്തിലാണ് സണ്ണി ഡിയോൾ ഇപ്പോൾ. ചിത്രം 30 ദിവസം കൊണ്ട് 500 കോടി നേടിയിരുന്നു. 2001ൽ പുറത്ത് ഇറങ്ങിയ ഗദർ എക് പ്രേം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഗദർ 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

