ലഖ്നോ: അയോധ്യയിൽ പള്ളി നിർമാണത്തിനുള്ള ട്രസ്റ്റിന് രൂപം നൽകി യു.പി സുന്നി വഖഫ് ബോർഡ്. ഇന്തോ-ഇസ്ലാമിക് ഫൗണ്ടേഷൻ എന്ന പേരിലുള്ള ട്രസ്റ്റ് രൂപീകരിച്ച വിവരം വഖഫ് ബോർഡ് പ്രസിഡൻറ് സുഫർ അഹമ്മദ് ഫാറുഖിയാണ് അറിയിച്ചത്. അയോധ്യയിലെ ധാനിപൂർ ഗ്രാമത്തിലാണ് പള്ളി നിർമിക്കുക.
വഖഫ് ബോർഡ് പ്രസിഡൻറ് തന്നെയാവും ട്രസ്റ്റിനേയും നയിക്കുക. ട്രസ്റ്റിൽ 15 അംഗങ്ങളാവും ഉണ്ടാവുക. ഇതിൽ ഒമ്പത് അംഗങ്ങളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കാൻ സുന്നി വഖഫ് ബോർഡ് തയാറായത്.
അയോധ്യയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ധാനിപൂർ ഗ്രാമം. ഇവിടത്തെ ജനസംഖ്യയിൽ 60 ശതമാനവും മുസ്ലിംകളാണ്. ഫെബ്രുവരിയിൽ റവന്യു വകുപ്പ് അധികൃതർ സ്ഥലമളക്കാൻ എത്തിയപ്പോഴാണ് ഇവിടത്തെ ജനങ്ങൾ പോലും പള്ളി നിർമ്മാണത്തെ കുറിച്ച് അറിഞ്ഞതെന്ന് ഇന്ത്യൻ എകസ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.