സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; ശനിയാഴ്ച സത്യപ്രതിജ്ഞ; സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി
text_fieldsഅജിത് പവാറും സുനേത്ര പവാറും
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട എൻ.സി.പി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സ്ഥാനമേൽക്കും. മന്ത്രിസഭയിൽ കായിക, എക്സൈസ് വകുപ്പുകളുടെ ചുമതല സുനേത്ര വഹിക്കുമ്പോൾ, അജിത് കുമാർ കൈകാര്യം ചെയ്ത സുപ്രധാന വകുപ്പായ ധനകാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും. പവാർ കുടുംബവും, എൻ.സി.പി നേതൃത്വവും തമ്മിൽ നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാറിന്റെ ഭാര്യയെ ഏൽപിക്കാൻ തീരുമാനമായത്.
ശനിയാഴ്ച ഉച്ചക്ക് ചേരുന്ന എൻ.സി.പി നിയമസഭാ കക്ഷി യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജഗൻ ഭുജ്ബൽ അറിയിച്ചു. 63കാരിയായ സുനേത്ര സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായാവും സ്ഥാനമേൽക്കുന്നത്. വൈകുന്നേരം അഞ്ചിന് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
പാർട്ടിക്കുള്ളിലും പവാർ കുടുംബത്തിലും ഇക്കാര്യത്തിൽ ഏകാഭിപ്രായമാണെന്നും, കൂടുതൽ നേതാക്കളും സുനേത്ര പവാർ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യമുന്നയിച്ചതായും ജഗൻ ബുജ്ബൽ പറഞ്ഞു. ഇക്കാര്യം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.
നിലവിൽ രാജ്യസഭാ അംഗമാണ് സുനേത്ര പവാർ. സംസ്ഥാന മന്ത്രിസഭയിൽ അംഗമാവുന്നതോടെ, ആറ് മാസത്തിനുള്ളിൽ നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെടണം. അജിത് പവാറിന്റെ മണ്ഡലമായ ബരാമതിയിൽ തന്നെ മത്സരിച്ച് സഭയിലെത്താനായിരിക്കും സുനേത്രയുടെ ശ്രമം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി എൻ.പി.പി ശരദ് പവാർ വിഭാഗത്തിലെ സുപ്രിയ സുലെക്കെതിരെ ബരാമതി മണ്ഡലത്തിൽ മത്സരിച്ച സുനേത്ര 1.5 ലക്ഷം വോട്ടിന് തോൽവി വഴങ്ങിയിരുന്നു. തുടർന്നാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്.
ബുധനാഴ്ച രാവിലെയായിരുന്നു ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. പുണെ ജില്ലാപരിഷത് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്നും ബരാമതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടത്. അംഗരക്ഷകരും വിമാന ജീവനക്കാരും ഉൾപ്പെടെ ആറു പേർ സംഭവത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവിന് കണ്ണീരിൽ കുതിർന്ന വേദനയിലാണ് ജനം യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

