സുനേരി ബാഗ് പള്ളി പൊളിക്കൽ; ലഭിച്ചത് 85,000 നിർദേശങ്ങൾ
text_fieldsന്യൂഡൽഹി: ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡൽഹിയിലെ സുനേരി ബാഗ് മസ്ജിദ് പൊളിക്കുന്നത് സംബന്ധിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷന് ലഭിച്ചത് 85,000ലേറെ പ്രതികരണങ്ങൾ. പാർലമെന്റിന് സമീപമുള്ള പ്രധാനപാതയിലുള്ള സുനേരി ബാഗ് മസ്ജിദ് ഗതാഗതത്തിരക്ക് ചൂണ്ടിക്കാട്ടിയാണ് പൊളിക്കാൻ നീക്കം നടത്തുന്നത്. ഇതിനെതിരെ മസ്ജിദ് ഇമാം നൽകിയ ഹരജി ഡൽഹി ഹൈകോടതി പരിഗണനയിലാണ്.
പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുകളും നിർദേശങ്ങളും അറിയിക്കാൻ ജനുവരി ഒന്നുവരെ ഒരാഴ്ചയാണ് ഡൽഹി മുൻസിപ്പിൽ കോർപറേഷൻ നൽകിയത്. നിർദേശങ്ങൾ പരിശോധിക്കാൻ ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റിക്കു കൈമാറും. ജനുവരി എട്ടുവരെ പൊളിച്ചു നീക്കൽ നടപടികൾ ഉണ്ടാകില്ലെന്നും ഡൽഹി മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. റഫി മാർഗ്, മൗലാന ആസാദ് റോഡ്, മോത്തിലാൽ നെഹ്റു മാർഗ്, സുനേരി ബാഗ് മാർഗ് എന്നിവ ചേരുന്ന റൗണ്ട് എബൗട്ടിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്.

