ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും കോൺഗ്രസ് എം.പിയുമായ ശശി തരൂരിനെതിരായ കേസ് രാഷ്ട്രീയക്കാർക്കുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റി. നിലവിൽ കേസ് പരിഗണിക്കുന്ന മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്ര സിങ്ങാണ് കോടതി മാറ്റാൻ തീരുമാനിച്ചത്.
സുനന്ദയുടെ മരണത്തിൽ ഭർത്താവായ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പാർലമെൻറ് അംഗം പ്രതിയായ കേസ് രാഷ്ട്രീയക്കാർ പ്രതികളായ കേസുകൾ മാത്രം പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് വിചാരണ കോടതി നിരീക്ഷിച്ചു. ഇതോടെ ഇൗ മാസം 28 മുതൽ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ കേസിൽ തുടർനടപടി സ്വീകരിക്കും.
മേയ് 14നാണ് കേസിൽ തരൂരിനെ പ്രതിയാക്കി ഡൽഹി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സുനന്ദ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യക്ക് േപ്രരിപ്പിക്കുംവിധം ഭാര്യയെ പീഡിപ്പിച്ചുവെന്നതാണ് തരൂരിനെതിരായ കുറ്റം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 498(a) (ഗാർഹികപീഡനം), 306 (ആത്മഹത്യ പ്രേരണ) വകുപ്പുകളാണ് തരൂരിനെതിരെയുള്ളത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡൽഹിയിലെ ആഡംബര ഹോട്ടലിൽ 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.