സ്ത്രീയായതിനാൽ ഐഒസിയിൽ ജോലി നിഷേധിച്ചു; 38 വർഷത്തിന് ശേഷം ദലിത് യുവതിക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: സ്ത്രീയായെന്ന കാരണത്താൽ 1988ൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ (ഐ.ഒ.സി) ജോലി നിഷേധിക്കപ്പെട്ട ഹരിയാന സ്വദേശിനിക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. കർണാലിലെ എൽ.പി.ജി ബോട്ടിലിങ് പ്ലാന്റിൽ ഹെൽപ്പർ ജോലി നിഷേധിച്ച സംഭവത്തിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഗ്യാസ് സിലിണ്ടറുകൾ കൈകാര്യം ചെയ്യേണ്ട ജോലി സ്ത്രീകൾക്ക് അനുയോജ്യമല്ലെന്നായിരുന്നു അന്ന് ഐ.ഒ.സിയുടെ നിലപാട്. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് പൊതുമേഖലാ സ്ഥാപനമായ ഐ.ഒ.സിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വിമർശിച്ചു.
ഹരിയാനയിലെ കർണാൽ സ്വദേശിനിയായ സുമിത്ര ദലിത് വിഭാഗത്തിൽപ്പെട്ടയാളാണ്. 1988ൽ കർണാലിൽ എൽ.പി.ജി ബോട്ടിലിങ് പ്ലാന്റ് ആരംഭിച്ചപ്പോൾ ഹെൽപ്പർ തസ്തികയിലേക്ക് സുമിത്ര അപേക്ഷിച്ചിരുന്നു. പിന്നാലെ 49 പേരെ ജോലിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തപ്പോൾ സുമിത്രയും ഉൾപ്പെട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ട 43 പേരുടെ പട്ടികയിൽ സുമിത്ര ഇടം നേടിയില്ല. പിന്നീട് സ്ത്രീയായതിനാലാണ് ജോലി നിഷേധിച്ചതെന്ന് സുമിത്രയെ കമ്പനി അറിയിക്കുകയായിരുന്നു.
എന്നാൽ ജോലിയുടെ സ്വഭാവവും പുരുഷന്മാർക്കൊപ്പമുള്ള അന്തരീക്ഷവും അസാധാരണമായ ജോലി സമയങ്ങളും കണക്കിലെടുത്ത് വനിതയായ ഹരജിക്കാരിയെ ജോലിക്ക് അനുയോജ്യയായി പരിഗണിച്ചില്ലെന്നായിരുന്നു ഐ.ഒ.സി വ്യക്തമാക്കിയത്. ജോലി നിഷേധിച്ചതിനെതിരെ സുമിത്ര ആദ്യം വിചാരണക്കോടതിയെ സമീപിച്ചു. 1990ൽ ഐ.ഒ.സിയിൽ തൊഴിലാളി തസ്തിക ഒഴികെയുള്ള ഏതെങ്കിലും തസ്തികയിൽ സുമിത്രയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ ഈ വിധിക്കെതിരെ ഐ.ഒ.സി പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചു. 2025 ഒക്ടോബറിൽ ഹൈകോടതി വിചാരണക്കോടതി വിധി റദ്ദാക്കി.
തുടർന്നാണ് സുമിത്ര സുപ്രീംകോടതിയെ സമീപിച്ചത്. ലിംഗം മാത്രമാണ് ജോലി നിഷേധിക്കാനുള്ള കാരണമെന്നായിരുന്നു അഭിഭാഷകൻ സൂര്യനാഥ് പാണ്ഡെ മുഖേന നൽകിയ ഹരജിയിലെ വാദം. കേസിൽ സുമിത്രയ്ക്ക് 63 വയസ്സായെന്നും വിരമിക്കൽ പ്രായം ഏറെ പിന്നിട്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടം കൂടി പരിഗണിച്ചാണ് 12 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരം നൽകാൻ ഐ.ഒ.സിക്ക് നിർദേശം നൽകിയത്.
പുരുഷന്മാർ വീട്ടിലില്ലാത്ത സമയങ്ങളിൽ സ്ത്രീകൾ തന്നെയാണ് ഗ്യാസ് സിലിണ്ടറുകൾ ഉയർത്തുകയും മാറ്റിവെക്കുകയും ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയായതിനാൽ മാത്രം നിയമനം നിഷേധിച്ചത് സ്ത്രീത്വത്തോടുള്ള അനാദരവാണെന്നും ബെഞ്ച് പറഞ്ഞു. ഇന്ത്യയിൽ സ്ത്രീയെ ദേവതയായി കണക്കാക്കുകയും ബഹുമാനിക്കണമെന്ന് പറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കേസിൽ നഷ്ടപരിഹാരം നൽകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

