ആകെ കിട്ടുന്ന പെൻഷൻ കൊണ്ട് ഒന്നിനും തികയില്ല; അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷ സഫറിന്റെ അനന്തരാവകാശി ജീവിക്കുന്നത് കടുത്ത ദാരിദ്ര്യത്തിൽ
text_fieldsസുൽത്താന ബീഗം
മധ്യകാല ഇന്ത്യയുടെയും ആധുനിക ഇന്ത്യയുടെയും ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് മുഗൾ ചക്രവർത്തിമാരുടെ ഭരണകാലം. ബഹദൂർഷാ സഫറിന്റെ ഭരണകാലത്തോടു കൂടി മുഗൾ സാമ്രാജ്യത്തിന് അന്ത്യം കുറിച്ചു. 1836 മുതൽ 1857 വരെ മുഗൾ ചക്രവർത്തിയായിരുന്നു ബഹദൂർഷാ സഫർ. 1857ലെ ശിപായി ലഹളയ്ക്കു പിന്തുണ നൽകിയെന്നു കാണിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ബർമയിലേക്ക് നാടുകടത്തിയത്. അതോടെ ഇന്ത്യയിൽ മുഗൾ ഭരണത്തിന് അന്ത്യം കുറിച്ചു. ബഹദൂർഷ സഫറിന്റെ അനന്തരാവകാശിയായ സുൽത്താന ബീഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് പറയാൻ പോകുന്നത്.
62 വയസുണ്ട് സുൽത്താന ബീഗത്തിന്. കൊട്ടാരത്തിലൊന്നുമല്ല അവരുടെ താമസം. കൊൽക്കത്തയിലെ ഹൗറയിലെ ചേരിയിൽ രണ്ടു മുറിയുള്ള കുടിലിലാണ് ദാരിദ്ര്യത്തെ കൂട്ടുപിടിച്ചു കഴിയുന്നത്. ഒപ്പം മകളുമുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഏറെ കഷ്ടപ്പെടുന്ന സ്ത്രീയാണവർ.
ഡോക്യുമെന്ററികളിലൂടെയും പുസ്തകങ്ങളിലൂടെയും ചില ചിത്രങ്ങളിലൂടെയും കണ്ട ഓർമ മാത്രമേ അവർക്ക് തന്റെ പിതാമഹൻമാരെ കുറിച്ചുള്ളൂ. ബഹദൂർ ഷാ സഫറിന്റെ 1980ൽ മരിച്ച കൊച്ചുമകൻ മീർസ ബിദർ ബക്തിന്റെ വിധവ സുൽത്താന ബീഗം. 1920ൽ പഴയ ബർമയിലെ റങ്കൂണിൽ ജനിച്ച ഇവരുടെ ഭർത്താവ് പിന്നീട് ഇന്ത്യയിലെത്തിയിരുന്നു. കൊൽക്കത്തയിലെ തൽത്താലയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കൃത്യമായ വരുമാന മാർഗമൊന്നും ഇല്ലാതിരുന്ന കുടുംബം കേന്ദ്ര സർക്കാരിൽനിന്നും ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ട്രസ്റ്റിൽനിന്നു ലഭിച്ചിരുന്ന പെൻഷൻ തുക കൊണ്ടാണു കഴിഞ്ഞിരുന്നത്.
1980ൽ ഭർത്താവ് മരിച്ച ശേഷം കുട്ടികളുമായി സുൽത്താന ബീഗം ഹൗറയിലേക്കു താമസം മാറുകയായിരുന്നു. പിന്നീട് സുൽത്താനയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചായക്കട നടത്തിയും വള നിർമിച്ചുമെല്ലാമായിരുന്നു മക്കളെ നോക്കിയതെന്ന് അവർ പറയുന്നു. ഇപ്പോൾ പ്രായമാകുകയും ശാരീരികാവശതകൾ കാരണം കിടപ്പിലാണെന്നും സുൽത്താന പറയുന്നു. ബഹദൂർഷാ സഫറിന്റെ അനന്തരാവകാശികൾ എന്ന നിലയ്ക്ക് നിസാമുദ്ദീൻ ട്രസ്റ്റ് നൽകിവരുന്ന 6,000 രൂപയുടെ പെൻഷൻ കൊണ്ടാണ് തങ്ങൾ ദൈനംദിന ജീവിതം ഉന്തിനീക്കുന്നതെന്നും അവർ തുടർന്നു.അത്കൊണ്ട് ഒന്നിനും തികയില്ല 'അഞ്ച് പെൺമക്കളും ഒരാണുമാണു തനിക്കുള്ളത്. മുതിർന്ന മകൾ 2022ൽ മരിച്ചു. മക്കൾക്കൊന്നും പഠിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഒരാൾക്കും സ്‌കൂൾ പഠനം പൂർത്തിയാക്കാനായിട്ടില്ല. അവരുടെ സാമ്പത്തികാവസ്ഥയും മെച്ചമല്ല. ഒപ്പം താമസിക്കുന്ന മകളുടെ വിവാഹവും കഴിഞ്ഞിട്ടില്ല.'-സുൽത്താന കുടുംബത്തിന്റെ ദൈന്യത വിവരിച്ചു.രാജകുടുംബത്തിലാണ് പിറന്നത് എന്നതിൽ അഭിമാനമുണ്ടെങ്കിലും അത് കൊണ്ട് വിശപ്പ് മാറ്റാൻ കഴിയില്ല എന്ന തിരിച്ചറിവ് സുൽത്താനക്കുണ്ട്. ചായക്കട നടത്തിയും തയ്യൽപണി ചെയും ചെറിയ രീതിയിൽ കുടുംബത്തെ സഹായിക്കാൻ നോക്കിയിരുന്നു. ഇപ്പോൾ ശാരീരികാവശതകൾ കൊണ്ട് അതിനും സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

