ആന്ധ്രാ സ്വദേശിനിയുടെ ആത്മഹത്യ; സൈബർ ആക്രമണമെന്ന് ആരോപണം
text_fieldsഹൈദരാബാദ്: മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിന് പിന്നാലെ ആന്ധ്രാ സ്വദേശിനി ആത്മഹത്യ ചെയ്തു. പ്രതിപക്ഷ പാർട്ടികളായ ടി.ഡി.പിയുടെയും ജനസേനയുടെയും പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ ട്രോളിയതിന് പിന്നാലെയാണ് യുവതി കടുത്ത നടപടി സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞയാഴ്ചയാണ് തെനാലി റെയിൽവേ സ്‌റ്റേഷനു സമീപം ഗീതാഞ്ജലി എന്ന യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഗീതാഞ്ജലിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിക്ഷേധമാണ് നടക്കുന്നത്.
ലോക്കോ പൈലറ്റിന്‍റെ മൊഴി അനുസരിച്ച് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ശരീരമാസകലം മുറിവുകൾ ഏറ്റ ഇവരെ ഗുണ്ടൂരിലെ ആശുപത്രിയിൽ നാട്ടുക്കാർ ചേർന്നാണ് എത്തിച്ചത്. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഭൂമി പട്ടയം ലഭിച്ച പരിപാടിയിൽ ഗീതാഞ്ജലി പങ്കെടുത്തിരുന്നുവെന്നും അവിടെ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം വൈറലായതിന് ശേഷമാണ് സൈബർ ആക്രമണം നേരിട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി.
വാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. ഗീതാഞ്ജലിയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ മുഖ്യമന്ത്രി 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. യൂട്യൂബ് ചാനലിൽ ഗീതാഞ്ജലിയുടെ അഭിമുഖത്തിൽ ട്രോൾ കമന്‍റുകൾ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ ഗീതാഞ്ജലി ട്രെയിൻ തട്ടിയ സ്ഥലത്തുനിന്നും പകർത്തിയ വിഡിയോ പുറത്ത് വന്നിരുന്നു. അതിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ മരണകാരണം കൊലപാതകമാണെന്ന് സംശയമുണ്ട്. കുടുംബാംഗങ്ങളുടെ മൊഴിയും റെയിൽവേയുടെ അന്വേഷണ റിപ്പോർട്ടും അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

