Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആത്മഹത്യയിൽ അഭയം...

ആത്മഹത്യയിൽ അഭയം തേടുന്ന യുവജനങ്ങളു​ടെ എണ്ണമേറുന്നു: ഒരു വർഷത്തിനകം 1.7 ലക്ഷം, വിദ്യാർഥികൾ 13,044; അടിയന്തര നടപടി ആവശ്യപ്പെട്ട് മാനസികാരോഗ്യ വിദഗ്ധർ

text_fields
bookmark_border
ആത്മഹത്യയിൽ അഭയം തേടുന്ന യുവജനങ്ങളു​ടെ എണ്ണമേറുന്നു: ഒരു വർഷത്തിനകം 1.7 ലക്ഷം, വിദ്യാർഥികൾ 13,044;   അടിയന്തര നടപടി ആവശ്യപ്പെട്ട് മാനസികാരോഗ്യ വിദഗ്ധർ
cancel

ന്യൂഡൽഹി: രാജ്യ​ത്തെ ആത്മഹത്യാ നിരക്കിൽ നടുക്കുന്ന കണക്കുകളുമായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022ൽ മാത്രം ഇന്ത്യയിൽ 1,70,924 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. 18-30 വയസ്സിനിടയിലുള്ള ആത്മഹത്യകൾ ഇത്തരം മരണങ്ങളുടെ 35 ശതമാനം വരും. 18 വയസ്സിന് താഴെയുള്ള ആത്മഹത്യകൾ, ഇത്തരത്തിലുള്ള മൊത്തം ജീവഹാനിയുടെ 6 ശതമാനവും. രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ 41 ശതമാനവും ഈ രണ്ട് പ്രായ വിഭാഗങ്ങളിലെയും മരണങ്ങളാണ്.

രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യകളുടെ എണ്ണം 13,044 ആണ്. മൊത്തം എണ്ണത്തിന്റെ 7.6 ശതമാനം. ഇതിൽ 2,248 ആത്മഹത്യാ മരണങ്ങളും പരീക്ഷാ പരാജയം മൂലമാണ് എന്ന് ചെന്നൈയിൽ നിന്നുള്ള കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും ഇന്ത്യയിലെ മുൻനിര മാനസികാരോഗ്യ വിദഗ്ധരിൽ ഒരാളുമായ ലക്ഷ്മി വിജയകുമാർ പറയുന്നു. ആത്മഹത്യാ പ്രതിരോധ സംഘടനയായ SNEHA യുടെ സ്ഥാപകയാണ് വിജയകുമാർ. ഡബ്ല്യു.എച്ച്.ഒയുടെ ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ സൂയിസൈഡ് റിസർച്ച് ആൻഡ് പ്രിവൻഷനിലെ അംഗവുമാണ്.

മാനസികാരോഗ്യ അവകാശ സംഘടനയായ ‘അഞ്ജലി’ ഫെബ്രുവരി 3-4 തീയതികളിൽ നടത്തിയ ദേശീയ ആത്മഹത്യ പ്രതിരോധ സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ കൽക്കത്തയിൽ എത്തിയിരുന്നു. പരിപാടിയിലെ മറ്റ് പ്രമുഖ മാനസികാരോഗ്യ വിദഗ്ധരും യുവാക്കളുടെ ആത്മഹത്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ളവരുടെ ആത്മഹത്യ ഞെട്ടിക്കുന്ന സംഖ്യയാണെന്ന് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും പുണെയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ലോ ആൻഡ് പോളിസി ഡയറക്ടറുമായ സൗമിത്ര പതാരെ കോൺഫറൻസിൽ ചൂണ്ടിക്കാട്ടി. മത്സര പരീക്ഷകൾക്കുള്ള സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ മാധ്യമങ്ങളുടെ കണ്ണിൽ പെടുന്നുവെന്നും എന്നിട്ടും ഇത് തുടരുന്നുവെന്നും പതാരെ പറഞ്ഞു.

2020ൽ 18 വയസ്സിന് താഴെയുള്ള 10,000 കുട്ടികൾ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. 2021ൽ 18 വയസ്സിന് താഴെയുള്ള 11,000 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അത് കൂടുതൽ വഷളാക്കിയെന്നും 2017 മുതൽ മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം 7,20,000 പേർ ആത്മഹത്യ ചെയ്യുന്നു. ആഗോള ആത്മഹത്യകളിൽ 73 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് നടക്കുന്നത്. ആഗോള ജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയിലാണെങ്കിലും ആഗോള ആത്മഹത്യയുടെ 28 ശതമാനം വരും രാജ്യത്തെ ആത്മഹത്യാ നിരക്ക്.

പരീക്ഷയിൽ പരാജയപ്പെട്ടാൽ, ആത്മാഭിമാനം, ഉയർന്ന പ്രതീക്ഷ, അല്ലെങ്കിൽ അമിത ഉത്കണ്ഠ, അമിത അഭിലാഷമുള്ള മാതാപിതാക്കൾ, വിദ്യാഭ്യാസ സമ്പ്രദായം പോലുള്ള ഘടനാപരമായ ഘടകങ്ങൾ എന്നിങ്ങനെയുള്ള വ്യക്തിഗത ഘടകങ്ങളെ കുറിച്ച് വിജയകുമാർ സംസാരിച്ചു.

രണ്ട് പതിറ്റാണ്ട് മുമ്പ് തമിഴ്‌നാട്ടിൽ നടത്തിയ ഒരു ഇടപെടലിനെക്കുറിച്ച് ലക്ഷ്മി വിജയകുമാർ സംസാരിച്ചു. ബോർഡ് ഫലപ്രഖ്യാപന സമയത്ത്, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാർത്ഥികളുടെ കോളുകൾ നാലിരട്ടിയായി വർധിക്കുന്നുവെന്നും ഒന്നോ രണ്ടോ വിഷയങ്ങളിൽ തോറ്റ വിദ്യാർഥികളാണ് ആത്മഹത്യയിൽ കൂടുതലും മരിക്കുന്നതെന്നും കണ്ടെത്തി. തുടർന്ന് സംസ്ഥാന സർക്കാറിനെ സമീപിക്കുകയും മെയിൻ പരീക്ഷക്ക് ശേഷം പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി ഒരു സപ്ലിന്ററി പരീക്ഷ നിർദേശിക്കുകയും ചെയ്തു. ഇതിനാൽ അവർക്ക് ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നില്ല.

സപ്ലിമെന്ററി പരീക്ഷ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന സർക്കാറാണ് തമിഴ്‌നാട് സർക്കാ​റെന്ന് ലക്ഷ്മി വിജയകുമാർ പറഞ്ഞു. ദ ലാൻസെറ്റിൽ 2024ൽ എഴുതിയ ലേഖനത്തിൽ, 2004 മുതൽ 2022 വരെ തമിഴ്‌നാട്ടിൽ നടന്ന പരീക്ഷാ പരാജയവുമായി ബന്ധപ്പെട്ട ആത്മഹത്യകളെക്കുറിച്ചുള്ള എൻ.സി.ആർ.ബി ഡാറ്റ അവർ അവതരിപ്പിച്ചു. ഡാറ്റ കാണിക്കുന്നത് 2004ൽ 407 മരണങ്ങളിൽ നിന്ന് 2021ൽ 121 ആയി കുറഞ്ഞു എന്നാണ്.

ഈ മാതൃക മറ്റ് പല സംസ്ഥാനങ്ങളും സ്വീകരിച്ചതിനെ തുടർന്ന് പൊതുവേ പരീക്ഷയുമായി ബന്ധപ്പെട്ട ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു. എന്നാൽ പ്രവേശന പരീക്ഷകളിലെ പരാജയത്തെ തുടർന്നുള്ള ആത്മഹത്യകൾ ഭയാനകമായ വർധനവ് വെളിപ്പെടുത്തുന്നുവെന്നും ലക്ഷ്മി വിജയകുമാർ പറയുന്നു. 2023ൽ 29 വിദ്യാർഥികൾ കോട്ടയിൽ ആത്മഹത്യ ചെയ്‌തുവെന്നും മാധ്യമ ശ്രദ്ധയുണ്ടായിട്ടും ഓരോ വർഷവും 2,00,000 വിദ്യാർത്ഥികൾ രാജസ്ഥാനിലെ കോട്ടയിൽ എത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ യുവാക്കളുടെ പ്രശ്‌നങ്ങൾ വർധിപ്പിക്കുന്നു. ആളുകളെ ബന്ധിപ്പിക്കുന്നതിനാണ് ഇത് ആരംഭിച്ചതെങ്കിലും ഇത് പൂർണമായും നിയന്ത്രണമില്ലാത്തതാണ് പ്രശ്‌നമെന്നും ലക്ഷ്മി വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KotaMental healthNational Crime Records Bureau
News Summary - Suicide cloud on young: 1.7 lakh in a year, mental health experts call for urgent action
Next Story