മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യ; ‘ഗഗൻയാൻ’ ദൗത്യത്തിലെ നിർണായക ഡ്രോഗ് പാരച്യൂട്ട് പരീക്ഷണം വിജയകരം
text_fieldsഐ.എസ്.ആർ.ഒ നേതൃത്വത്തിൽ നടന്ന പരീക്ഷണം
ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയെന്ന ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗൻയാനിൽ നിർണായക ചുവടുവെപ്പായി ഡ്രോഗ് പാരച്യൂട്ടുകളുടെ നിർണായക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആർ.ഒ) നേതൃത്വത്തിലാണ് അതിനിർണായകമായ ഡ്രോഗ് പാരച്യൂട്ടിന്റെ പരീക്ഷണം ചണ്ഡിഗഢിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസേർച്ച ലബോറട്ടറിയിൽ (ടി.ബി.ആർ.എൽ) വ്യാഴം, വെള്ളി ദിവസങ്ങളിലായി വിജയകരമായി പൂർത്തിയാക്കിയത്. ബഹിരാകാശ യാത്രക്കു ശേഷം, ഭൗമ അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിച്ചിറങ്ങുന്ന ക്രൂ മൊഡ്യൂളിന്റെ വേഗത കുറക്കാനും, സുരക്ഷിതമായ ലാൻഡിങ്ങിനും ഉപയോഗിക്കുന്ന ഗ്രാഗ് പാരച്യൂട്ടിന്റെ പരീക്ഷണമാണ് ഐ.എസ്.ആർ.ഒ നടത്തിയത്.
പ്രത്യേകം തയ്യാറാക്കിയ റെയിൽവേ ട്രാക്കിലായിരുന്നു പരീക്ഷണം. ട്രാക്കിൽ ഘടിപ്പിച്ച ക്രൂ മൊഡ്യൂൾ മാതൃകയിലെ എഞ്ചിൻ 600 കിലോമീറ്റർ വേഗതയിൽ കുതിക്കവെയാണ് നാല് തരത്തിലുള്ള പത്ത് പാരച്യൂട്ടുകൾ റിലീസ് ചെയ്തത്. ബഹിരാകാശ ദൗത്യത്തിനു ശേഷം, ഭൗമ ഉപരിതലത്തിലേക്ക് യാത്രികരുമായി പ്രവേശിക്കുന്ന പേടകത്തിന്റെ വേഗവും, ഭൗമ ഗുരുത്വാകർഷണത്തെ അതിജീവിച്ചുകൊണ്ട് ഇവയുടെ വേഗത കുറക്കുന്ന പ്രവർത്തനവും പാരച്യൂട്ടിലൂടെ വിജയകരമായി പരീക്ഷിച്ചു. വിടർന്ന പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകത്തിന്റെ വേഗത കുറച്ചായിരുന്നു പരീക്ഷണം. മൂന്ന് പൈലറ്റ് പാരച്യൂട്ടുകളും മൂന്ന് മെയിന്‍ പാരച്ച്യൂട്ടുകളും വിന്യസിച്ച് സുരക്ഷിതമായ ലാന്‍ഡിങ്ങ് ഉറപ്പാക്കി. പത്ത് പാരച്യൂട്ടുകള്‍ അടങ്ങുന്ന സങ്കീര്‍ണ്ണമായ ഡിസെലറേഷന്‍ സംവിധാനമാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി ഐ.എസ്.ആ.ര്‍ഒ സജ്ജീകരിച്ചിരിക്കുന്നത്.
പാരച്യൂട്ട് കമ്പാർട്ടുമെന്റിന് സംരക്ഷണമൊരുക്കുന്ന രണ്ട് അപെക്സ് കവർ സെപ്പറേഷൻ പാരച്യൂട്ടുകൾ വിന്യസിച്ചുകൊണ്ടാണ് പേടകത്തിന്റെ തിരിച്ചിറക്കം ആരംഭിക്കുന്നത്. ഇതിനുശേഷം വേഗത ഗണ്യമായി കുറയ്ക്കുന്ന രണ്ട് ഡ്രോഗ് പാരച്യൂട്ടുകൾ പ്രവർത്തനമാരംഭിക്കും. ശേഷം, മൂന്ന് പൈലറ്റ് പാരച്യൂട്ടുകൾ വിന്യസിക്കപ്പെടുന്നതോടെ, പേടകം വേഗത തീരെ കുറഞ്ഞ് മന്ദഗതിയിലാകുന്നു. പേടകത്തിന്റെ നീക്കം നിയന്ത്രിക്കാനും, സുരക്ഷിതമായ ടച്ച്ഡൗണും ഉറപ്പാക്കാൻ ഇതുവഴി സാധ്യമാകും.
പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ സാമൂഹിക മാധ്യമ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍ഡിഒ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നേട്ടം കൈവരിച്ചത്.
2027ൽ മനുഷ്യരെ വഹിച്ചുള്ള ഗഗൻയാൻ ദൗത്യം നടപ്പാക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. അതിന് മുമ്പായി വിവിധ ഘട്ടങ്ങളിൽ ആളില്ലാ ദൗത്യവും പൂർത്തിയാക്കും. 2040 ഓടെ മനുഷ്യരെ ചന്ദ്രനിലയച്ച് തിരികെ എത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി ഐ.എസ്ആർ.ഒ ചെയർമാൻ വി.നാരായണൻ അടുത്തിടെ പറഞ്ഞിരുന്നു.
ഗഗന്‍യാന്‍ ദൗത്യത്തിന്റ ഭാഗമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് പരീക്ഷണം ആഗസ്റ്റില്‍ പൂര്‍ത്തിയാക്കി. ഗഗൻയാൻ ദൗത്യത്തിൽ നിർണായക പരീക്ഷണമാണ് ഡ്രോഗ് പാരച്യൂട്ടിലൂടെ പൂർത്തിയാക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ക്രൂമൊഡ്യൂളിന് സ്ഥിരത നൽകുന്നതോടൊപ്പം, വേഗത കുറക്കുന്നതിലും തുടർന്നുള്ള പാരച്യൂട്ടുകളുടെ വിന്യാസത്തിലും ഡ്രോഗ് നിർണായക പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

