അക്ഷയ് കുമാറിന്റെ 'രാം സേതു'വിനെതിരെ നിയമ നടപടിക്കൊരുങ്ങി സുബ്രഹ്മണ്യന്‍ സ്വാമി
text_fieldsബോളിവുഡ് താരം അക്ഷയ് കുമാർ നായകനായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'രാം സേതു'വിനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രം, ചരിത്രം വളച്ചൊടിക്കുന്നെന്നാണ് ആരോപണം.
അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും എല്ലാവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റിലൂടെ അറിയിച്ചു.
''മുംബൈ സിനിമക്കാർക്കിടയില്‍ വസ്തുതകൾ വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം പ്രവണതയുണ്ട്. അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേനെ 'രാമസേതു' ഇതിഹാസം വളച്ചൊടിച്ച നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ടുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്'', എന്നാണ് ട്വീറ്റ് ചെയ്തത്.
പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാര്‍ എത്തുന്നത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നസ്രത്ത് ബറുച്ച, സത്യദേവ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അരുൺ മൽഹോത്ര, വിക്രം ഭാട്ടിയ തുടങ്ങിയവരാണ് നിര്‍മാതാക്കൾ. ചിത്രം 2022 ഒക്ടോബർ 24ന് തിയറ്ററിൽ എത്തും.