ന്യൂഡൽഹി: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചാർത്തിയതറിഞ്ഞ് സ്തബ്ധനായെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
യഥാർഥത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുകയും കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുകയും ചെയ്തവരെ വെറുതേവിടുമോയെന്നും ശശി തരൂർ ട്വീറ്റിൽ ചോദിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പുറമെ പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവരും കലാപ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഡല്‍ഹി പൊലീസിന്‍റെ കുറ്റപത്രം.
പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കാനുള്ള നീക്കം.