മേൽക്കൂരയിൽനിന്ന് കല്ലുകൾ അടർന്ന് വീഴുന്നുണ്ടെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി, ഒന്നും സംഭവിക്കില്ലെന്ന് അധ്യാപകർ; മിനിറ്റുകൾക്കുള്ളിൽ തകർന്ന് വീണു, മരണം ഏഴായി
text_fieldsജയ്പൂർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 28 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. അപകടം നടക്കുന്നതിന്‍റെ നിമിഷങ്ങൾക്കുമുമ്പ് കുട്ടികൾ അധ്യാപകരെ വിവരമറിയിച്ചതായി റിപ്പോർട്ട്.
മേൽക്കൂരയുടെ അവശിഷ്ടങ്ങൾ വീഴുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപെടുകയും തുടർന്ന് അധ്യാപകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നും കുട്ടികളോട് അവരുടെ ക്ലാസ് മുറിയിലേക്ക് മടങ്ങാൻ പറഞ്ഞുവെന്നും റിപ്പോർട്ട്.
'സീലിങിൽ നിന്ന് കല്ലുകൾ വീഴുന്നുണ്ടെന്ന് ഞങ്ങൾ അധ്യാപകരോട് പറഞ്ഞു. അവർ ഞങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് മേൽക്കൂര ഇടിഞ്ഞുവീണു'. വിദ്യാർഥി പറഞ്ഞു. ജലവാറിലെ പിപ്ലോഡി സർക്കാർ സ്കൂളിന്‍റെ കെട്ടിടമാണ് തകർന്നത്. അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കുട്ടികളെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്.
ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളാണ് മരണപ്പെട്ടത്. പലരുടെയും നില ഗുരുതരമാണ്. 35 കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് സ്കൂൾ താൽക്കാലികമായി അടച്ചുപൂട്ടി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ഉത്തരവിട്ടു. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ കലക്ടറോടും വിദ്യാഭ്യാസ ഓഫിസറോടും മന്ത്രി നിർദ്ദേശം നൽകി.
സംഭവത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ അനുശോചനം അറിയിച്ചു. ഏഴ് ദിവസത്തിനുള്ളിൽ നടപടിയെടുത്ത റിപ്പോർട്ട് സമർപ്പിക്കണമെന്നും മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്കും ചികിത്സയിലുള്ളവർക്കും അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടർ, ജലവാർ കളക്ടർ, പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ എന്നിവർക്ക് നോട്ടീസ് അയച്ചു.
അറ്റകുറ്റപ്പണികളുടെ അഭാവമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂളിന്‍റെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുമായി ബന്ധപ്പെട്ട പലതവണ നൽകിയിട്ടും പരാതികൾ സ്കൂൾ അധികൃതർ അവഗണിച്ചതായി പ്രദേശവാസികളും രക്ഷിതാക്കളും പറഞ്ഞു. കെട്ടിടത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിൽ പ്രദേശവാസികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

