ചോദ്യം ചോദിച്ചതിന് വിദ്യാർഥികളെ ശിക്ഷിക്കുന്നത് ഭരണഘടനവിരുദ്ധം -സുപ്രീംകോടതി ജഡ്ജി
text_fieldsന്യൂഡൽഹി: വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സമീപനം ഭരണഘടനവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് സുപ്രീം കോടതി ജഡ്ജി ഉജ്ജൽ ഭുയാൻ. ഡൽഹി നാഷനൽ ലോ യൂനിവേഴ്സിറ്റിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായുള്ള പതിമൂന്നാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിത നിലപാടുകൾ ചോദ്യംചെയ്യാൻ കഴിയുന്ന ഇടമായിരിക്കണം സർവകലാശാലകൾ. സ്വതന്ത്രമായി ചിന്തിക്കാനുള്ള ശീലം ആരംഭിക്കേണ്ടത് അവിടെനിന്നാണ്. കുഴപ്പംപിടിച്ച ചോദ്യങ്ങൾ ചോദിക്കാനാവുന്ന ഇടമായിരിക്കണം അത്. അഭിപ്രായവ്യത്യാസങ്ങളെ ശത്രുതയോടെയല്ല നേരിടേണ്ടത്.
‘അസഹിഷ്ണുതയുള്ള മനസ്സ്’ ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തക്ക് ചേരുന്നതല്ല. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടിൽ അസഹിഷ്ണുതക്ക് സ്ഥാനമില്ല. സംസാരിക്കാനും ചിന്തിക്കാനും വ്യത്യസ്തമായി വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഭരണഘടന സംരക്ഷിക്കുന്നു. വിയോജിപ്പുകളെ ന്യായമായ അഭിപ്രായ വ്യത്യാസങ്ങളായി കാണുന്നതിന് പകരം, നിശ്ശബമാക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ടവയായി കണക്കാക്കുമ്പോൾ ആ ഘടന ദുർബലപ്പെടും. ഭിന്നാഭിപ്രായങ്ങൾ ഉയരുന്ന ഘട്ടങ്ങളിൽപോലും സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്, നീതി എന്നീ ഭരണഘടനാമൂല്യങ്ങൾ നിയമധാരണയുടെ കേന്ദ്രബിന്ദുവായി നിലനിൽക്കുന്നെന്ന് ഉറപ്പാക്കൽ നിയമവിദഗ്ധരുടെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് ഭുയാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

