ഡറാഡൂൺ: സവർണ സമുദായത്തിലെ കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിൽ ദലിത് സമുദായാംഗമായ പാചകക്കാരിയെ സ്കൂൾ അധികൃതർ പിരിച്ചുവിട്ടു. സുഖിദാങ്ങിലെ ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ 'ഭോജൻമാതാ' തസ്തികയിൽ ഡിസംബർ 13നായിരുന്നു ഇവരുടെ നിയമനം.
ഇവർ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ 66 ൽ 40 കുട്ടികളും വിസമ്മതിച്ചു. പിന്നീട് ഈ കുട്ടികൾ വീട്ടിൽനിന്നു ഭക്ഷണം കൊണ്ടുവരാൻ തുടങ്ങി. സവർണജാതിയിൽ പെട്ട ഉദ്യോഗാർഥികൾ ജോലി അഭിമുഖത്തിനു വന്നിട്ടും ദലിത് സമുദായാംഗത്തെ നിയമിച്ചതിനെ ചോദ്യം ചെയ്ത് രക്ഷാകർത്താക്കൾ രംഗത്തുവന്നതിനെ തുടർന്നാണ് സ്കൂൾ അധികൃതർ പാചകക്കാരിയെ പിരിച്ചുവിട്ടത്.
"ഡിസംബർ 13നാണ് ഞാൻ സ്കൂളിൽ ചേരുന്നത്. അന്ന് എല്ലാ വിദ്യാർഥികളും ഞാൻ പാചകം ചെയ്ത ഭക്ഷണം ഒരു പ്രശ്നവുമില്ലാതെ കഴിച്ചിരുന്നു. പക്ഷേ, അടുത്ത ദിവസം ഞാൻ തയാറാക്കിയ ഭക്ഷണം കഴിക്കരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത് കൊണ്ട് വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിച്ചു. ഞാൻ ദലിത് സ്ത്രീയായതുകൊണ്ടാണ് എന്‍റെ നിയമനത്തെ ഇവർ ചോദ്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം അപമാനകരമായ സംഭവമാണ്" -പാചകക്കാരിയായ സുനിത പറയുന്നു. രോഗിയായ ഭർത്താവിനെയും രണ്ട് മക്കളെയും പോറ്റാനുള്ള വരുമാനമായാണ് ഈ ജോലിയെ സുനിത കണ്ടിരുന്നത്.
അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവരെ നിയമിച്ചതെന്നും അതുകൊണ്ടാണ് പിരിച്ചുവിടുന്നതെന്നുമാണ് ചമ്പാവത് ജില്ല ചീഫ് എജുക്കേഷൻ ഓഫിസർ ആർ.സി. പുരോഹിതിന്‍റെ വിശദീകരണം. നടപടികൾ പാലിച്ചും നിയമപരവുമായാണ് സുനിതയെ നിയമിച്ചതെന്നായിരുന്നു നേരത്തെ അധികൃതർ വിശദീകരിച്ചിരുന്നത്. സവർണ വിഭാഗത്തിന്റെ എതിർപ്പ് രൂക്ഷമായതോടെ അധികൃതർ നിലപാട് മാറ്റുകയായിരുന്നു.
ഉത്തരാഖണ്ഡിലെ സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി പാചകം ചെയ്യാൻ നിയോഗിക്കുന്ന സ്ത്രീകളെ "ഭോജൻ മാതാസ്" (പാചകംചെയുന്ന അമ്മമാർ) എന്നാണ് വിളിക്കുന്നത്. ഒരു ഭോജൻ മാതാവിന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രതിമാസം 3000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ആറാം ക്ലാസ് വരെയുള്ള സ്കൂളുകളിലായി ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനുമായി 20,000ത്തിലധികം സ്ത്രീകൾ ഭോജൻ മാതാകളായി പ്രവർത്തിക്കുന്നുണ്ടെന്നും സ്‌കൂളുകളിൽ നിന്നുള്ള ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ജില്ലതലത്തിൽ ഇവരുടെ തിരഞ്ഞെടുപ്പും നിയമനവും നടത്തുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.