ജെ.എൻ.യുവിൽ എസ്.സി, എസ്.ടി വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; സംവരണ അട്ടിമറിക്കെതിരെ സമരം
text_fieldsന്യൂഡൽഹി: പിഎച്ച്.ഡി പ്രവേശനത്തിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്ന് ആരോപിച്ച് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) വിദ്യാർഥി സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പട്ടികജാതി (എസ്.സി), പട്ടികവർഗ (എസ്.ടി) വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട സീറ്റുകളിൽ വലിയ കുറവുണ്ടായെന്ന് ആരോപിച്ച് കാമ്പസിൽ 22 ദിവസമായി സമരം തുടരുകയാണ്. എസ്.എഫ്.ഐയും ബാപ്സയുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കേന്ദ്ര സർവകലാശാലകളിൽ എസ്.സി വിഭാഗത്തിന് 15 ശതമാനവും, എസ്.ടിക്ക് 7.5 ശതമാനവും, ഒ.ബി.സിക്ക് 27 ശതമാനവും, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 10 ശതമാനവും ഭിന്നശേഷിക്കാർക്ക് അഞ്ച് ശതമാനവും സംവരണം നൽകേണ്ടതുണ്ട്.
ആകെ സീറ്റുകൾ ഒരുമിച്ച് കണക്കാക്കുന്നതിനുപകരം ഓരോ പിഎച്ച്.ഡി പ്രോഗ്രാമിലെയും വിവിധ പ്രവേശന വിഭാഗങ്ങളിലെയും സീറ്റുകൾ വെവ്വേറെ തിരിച്ച് അധികൃതർ സംവരണം അട്ടിമറിക്കുകയാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. സീറ്റുകളുടെ എണ്ണം ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുമ്പോൾ, 7.5 ശതമാനം സംവരണ പ്രകാരം ഒരു എസ്.ടി സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നു. സംസ്കൃത പഠന വിഭാഗത്തിൽ ആകെയുള്ള 12 സീറ്റുകൾ നെറ്റ്, ജെ.ആർ.എഫ് വിഭാഗങ്ങളിലായി ആറ് വീതം തിരിച്ചതിനാൽ രണ്ടിടത്തും എസ്.ടി സംവരണം ലഭിച്ചില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പ്രവേശനത്തിൽ വലിയ കുറവുണ്ടായതായി ജെ.എൻ.യു അധ്യാപക സംഘടനയും വ്യക്തമാക്കി. 2021-22ൽ 1,500 ആയിരുന്ന എസ്.സി വിദ്യാർഥികൾ 2024-25ൽ 1,143 ആയും, എസ്.ടി വിദ്യാർഥികൾ 741ൽ നിന്ന് 545 ആയും കുറഞ്ഞു.

