‘നീറ്റ് ചോദ്യപേപ്പർ ചോർച്ച തുടക്കത്തിൽ വേദനിപ്പിച്ചു, പിന്നീട് കുട്ടികൾ മികച്ച പ്രകടനം നടത്തി’; വിവാദ പ്രസ്താവനയുമായി നിർമല സീതാരാമൻ
text_fieldsനിർമല സീതാരാമൻ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചോദ്യപേപ്പർ ചോർച്ചക്ക് ഉത്തരവാദികളായവരെ വേഗത്തിൽ അറസ്റ്റ് ചെയ്യാനും പുനഃപരീക്ഷകൾ ഉറപ്പാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിച്ചപ്പോൾ, ഈ തിരിച്ചടിയെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് മുൻപത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ പല വിദ്യാർഥികൾക്കും സാധിച്ചുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
രാജ്യവ്യാപകമായി പരീക്ഷാ ചോർച്ചക്കെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. യുവ ഉദ്യോഗാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയെ ബാധിക്കുന്ന ഒന്നായതിനാൽ ഇത് അതീവ വൈകാരികമായ വിഷയമാണെന്നും അവർ കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെട്ട കുറ്റവാളികളെ അതിവേഗം അറസ്റ്റ് ചെയ്ത സർക്കാർ, വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച കാര്യവും മന്ത്രി എടുത്തുപറഞ്ഞു.
‘ഉന്നത വിദ്യാഭ്യാസത്തിനായി ചേരേണ്ട സ്ഥാപനങ്ങൾ കണ്ടെത്തുന്ന തിരക്കിലാണ് നമ്മുടെ യുവജനങ്ങൾ. ചോദ്യപേപ്പർ ചോർന്നപ്പോൾ ആദ്യം അതെന്നെ വിഷമിപ്പിച്ചെങ്കിലും, പിന്നീട് ലഭിച്ച അധിക സമയം കൂടുതൽ നന്നായി പഠിക്കാനുള്ള അവസരമാക്കി മാറ്റി. അതിലൂടെ എന്റെ പ്രകടനം മെച്ചപ്പെടുത്താനും പരീക്ഷയിൽ മികച്ച വിജയം നേടാനും സാധിച്ചു എന്ന് തുറന്നുപറയുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. ഈ പ്രതിസന്ധിയെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അതിനെ മറികടന്ന് ഉജ്ജ്വല വിജയം കൈവരിച്ചവരാണ് അവർ’ നിർമല സീതാരാമൻ പറഞ്ഞു.
വിഷയത്തിൽ സർക്കാർ കൈയും കെട്ടി നോക്കിനിൽക്കുകയായിരുന്നെങ്കിൽ പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം ന്യായീകരിക്കാമായിരുന്നുവെന്ന് നിർമല സീതാരാമൻ പറഞ്ഞു. പരീക്ഷകൾക്കായി തയാറെടുക്കുന്ന കുട്ടികളുടെയും യുവാക്കളുടെയും പഠനവും പരീക്ഷാ ചോർച്ചയും പുനഃപരീക്ഷയുമെല്ലാം അതീവ സെൻസിറ്റീവായ കാര്യങ്ങളാണ്. ഇതിനോട് സർക്കാർ സംവേദനക്ഷമത കാണിക്കാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്തിരുന്നെങ്കിൽ പ്രതിപക്ഷത്തിന്റെ ഈ ആക്രമണം മനസ്സിലാക്കാമായിരുന്നു. പ്രധാനമന്ത്രിയുടെ തലത്തിൽ തന്നെ ഇതിൽ ഉറപ്പായ മറുപടി ലഭിച്ചിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പർ ചോർത്തുകയും വാങ്ങുകയും വിൽക്കുകയും ചെയ്ത പ്രധാന കുറ്റവാളികളെ എല്ലാം സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ട് നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം ചൂണ്ടിക്കാട്ടി സംസാരിച്ച മന്ത്രി, പരീക്ഷകളുടെ പവിത്രത തകർത്തവർക്ക് പരമാവധി വേഗത്തിൽ അർഹമായ ശിക്ഷ ലഭിക്കുമെന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന വലിയൊരു ആശ്വാസമാണെന്ന് പറഞ്ഞു. പ്രഖ്യാപനം ഉണ്ടാകുന്നതിന് വളരെ മുന്നേ തന്നെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷാലംഘനങ്ങൾ നടത്തിയവരെ ഭരണകൂടം പിടികൂടിയിട്ടുണ്ടെന്നും അവർ ആവർത്തിച്ചു.
സഭയിൽ വിഷയത്തെക്കുറിച്ച് ചർച്ച നടത്താൻ ഭരണപക്ഷം സന്നദ്ധത പ്രകടിപ്പിച്ചിട്ടും, രാഷ്ട്രീയ നേട്ടങ്ങൾക്കായി വിഷയം ദുരുപയോഗം ചെയ്യുന്ന കോൺഗ്രസ് പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു.
നീറ്റ് പരീക്ഷയെയും വിദ്യാർഥികളുടെ ഭാവിയെയും മുൻനിർത്തി കോൺഗ്രസ് അവർക്ക് കേളികേട്ട സഭാ തടസ്സപ്പെടുത്തൽ രാഷ്ട്രീയം തുടരുകയാണ്. സഭയിൽ വസ്തുതകൾ പുറത്തുവരുമ്പോൾ തങ്ങളാണ് ഈ വൈകാരിക വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് എന്ന് തെളിയുമെന്നതിനാൽ അവർ ന്യായമായ ഒരു ചർച്ചക്ക് തയാറാകുന്നില്ല. പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതിന് പകരം സമഗ്രമായ ചർച്ചയിൽ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ട ധനമന്ത്രി, ഉയർന്നുവരുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

