‘രാഷ്ട്രീയ പദവിയല്ല, ബി.ജെ.പിക്ക് വലുത് യുവതയുടെ താൽപര്യം’; ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ അമിത് ഷാ
text_fieldsന്യൂഡൽഹി: ബി.ജെ.പി രാജ്യത്തെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും താൽപര്യങ്ങൾക്ക് രാഷ്ട്രീയ പദവികളേക്കാൾ മുഖ്യ പരിഗണന നൽകുന്നതിനുള്ള തെളിവാണ് ധർമേന്ദ്ര പ്രധാന്‍റെ രാജിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഷായുടെ പ്രതികരണം.
പ്രക്ഷോഭത്തിലേക്ക് രാജ്യവിരുദ്ധ ശക്തികൾ കടന്നുകയറാതിരിക്കാനും വിദ്യാർഥികളുടെ ഭാവി ആലോചിച്ചുമാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി തീരുമാനമെന്നും ഷാ പറഞ്ഞു. ‘ബി.ജെ.പി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം രാജ്യവും നമ്മുടെ യുവതയും വിദ്യാർഥികളുമാണ് ഏതൊരു പദവിയേക്കാളും പ്രധാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ഇത് അടിവരയിടുന്നതാണ്’ -ഷാ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
നരേന്ദ്ര മോദി സർക്കാർ വിദ്യാർഥികളുടെ വികാരങ്ങളെ മാനിക്കുന്നു. ഭാവിയിൽ പരീക്ഷാ ക്രമക്കേടുകൾ തടയാനായി ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കും. ചോദ്യപേപ്പർ ചോർച്ചക്ക് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി സ്വീകരിച്ച തീരുമാനങ്ങൾ പ്രശംസനീയമാണ്. നീറ്റ് പരീക്ഷ വിജയകരമായി പാസായ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ സർക്കാറിന്റെ നിർദിഷ്ട പരിഷ്കാരങ്ങൾക്ക് സാധിക്കുമെന്ന് തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലുള്ള പ്രധാന്റെ സേവനങ്ങളെ എടുത്തുപറഞ്ഞ അമിത് ഷാ, ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കുന്നതിലും പ്രാദേശിക ഭാഷകളിൽ പരീക്ഷകൾ വ്യാപിപ്പിക്കാനും പി.എം ശ്രീ സ്കൂളുകൾ ശക്തിപ്പെടുത്തനും ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും നൈപുണ്യ വികസനം മുന്നോട്ട് കൊണ്ടുപോകാനും വ്യവസായ-അക്കാദമിക് സഹകരണം മെച്ചപ്പെടുത്താനുമുള്ള പരിഷ്കാരങ്ങളിൽ നിർണായക പങ്കുവഹിച്ചെന്നും കൂട്ടിച്ചേർത്തു.
പരീക്ഷാ സമ്പ്രദായത്തെ കൂടുതൽ ജനകീയവും വിദ്യാർഥി സൗഹൃദവുമാക്കാൻ പ്രധാൻ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാനുള്ള നിശ്ചയദാർഢ്യത്തോടുള്ള പ്രധാന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് അദ്ദേഹത്തിന്റെ ഭരണകാലമെന്നും പ്രതികരിച്ചു. യുവതയെ പാറ്റകളെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്ഷേപ ഹാസ്യമെന്ന നിലക്ക് തുടങ്ങിയ കോക്രോച്ച് ജനതാ പാർട്ടി പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെത്തി 36ാം ദിവസമാണ് ഗത്യന്തരമില്ലാത്ത രാജി.
അമിതാധികാരത്തിന്റെ അഹങ്കാരത്തിൽ എല്ലാം കാൽക്കീഴിലാക്കി ആരെയും വിലവെക്കാതെ മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കുമേറ്റ കനത്ത തിരിച്ചടിയാണ് മൂന്നുമാസം പോലും തികയാത്ത ഒരു പാർട്ടി നയിച്ച സമരത്തിന്റെ മഹാ വിജയം. ആർ.എസ്.എസ് പശ്ചാത്തലമുള്ള വിശ്വസ്തനെ കൈവിടാതിരിക്കാൻ അവസാന നിമിഷം പയറ്റിയ തന്ത്രവും പരാജയപ്പെട്ടപ്പോഴാണ് മോദിയും അമിത് ഷായും ധർമേന്ദ്ര പ്രധാനെ രാജവെപ്പിക്കാൻ സന്നദ്ധമായത്. സി.ജെ.പി മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളിൽ പരമപ്രധാനമായ പ്രധാന്റെ രാജി ഒഴികെയുള്ളത് കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് ചർച്ചയിൽ തന്നെ അംഗീകരിച്ചതായിരുന്നു.
ശനിയാഴ്ച മൂന്നാം റൗണ്ട് ചർച്ചക്ക് കേന്ദ്ര മന്ത്രിമാരെത്തുംമുമ്പ് വകുപ്പുമാറ്റ നീക്കം സജീവവുമായിരുന്നു. സി.ജെ.പി - സർക്കാർ മൂന്നാം റൗണ്ട് ചർച്ചക്ക് തൊട്ടുമുമ്പ്, വകുപ്പുമാറ്റം അംഗീകരിക്കില്ലെന്ന് സമരക്കാരായ വിദ്യാർഥികളെ കൂട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതോടെ ആ നീക്കം പൊളിഞ്ഞു. പിന്നാലെയാണ് നിർണായകമായ രാജിപ്രഖ്യാപനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

