‘ഈ അപമാനം നമ്മൾ എന്തിന് സഹിക്കണം?’- യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ കുറ്റവാളിയെപോലെ നാടുകടത്തിയതിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങളിൽ ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കണമെന്ന് കോൺഗ്രസ്. ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും അഭിമാനം സംരക്ഷിക്കുന്നതിൽ മോദി സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങ് അണിയിച്ച് കുറ്റവാളിയെപോലെ യു.എസ് വിമാനത്താവളത്തിൽ നാടുകടത്തുന്നതിന്റെ വിഡിയോ പങ്കുവെച്ചായിരുന്നു ജയ്റാം രമേശിന്റെ വിമർശനം. അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഭയത്തിലാണ്. ഇതിൽ മോദി ഇടപെടണം. പ്രധാനമന്ത്രി എല്ലാ വിഷയത്തിലും മൗനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപമാനകരവും വേദനാജനകവുമാണ് വിഡിയോ എന്ന കുറിപ്പോടെ കോൺഗ്രസ് നേതാവ് പവൻ ഖേരയും എക്സിൽ വിഡിയോ പങ്കുവെച്ചു. ഒരു രാജ്യമെന്ന നിലയിൽ ഈ അപമാനം നമ്മൾ എന്തിന് സഹിക്കണമെന്നും പവൻ ഖേര ചോദിച്ചു. വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി നേരിട്ടത് അതിക്രൂര പീഡനമാണെന്ന് വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ - അമേരിക്കന്‍ സംരംഭകനായ കുനാല്‍ ജെയ്‌ൻ പറഞ്ഞു.
അതിനിടെ, നിയമാനുസൃത യാത്രക്കാരെ രാജ്യം സ്വാഗതം ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും നിയമവിരുദ്ധ പ്രവേശനം, വിസ ദുരുപയോഗം, നിയമലംഘനം എന്നിവ അനുവദിക്കില്ലെന്ന് ഇന്ത്യയിലെ യു.എസ് എംബസി ട്വീറ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.