ഷോപിയാൻ: ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ മതപാഠശാലയിലെ 13ഓളം വിദ്യാർഥികൾ വിവിധ തീവ്രവാദ സംഘങ്ങളിൽ ചേർന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിനെ അന്വേഷണ ഏജൻസികളുടെ നിരീക്ഷണ വലയത്തിലാക്കിയതായി ഉദ്യോഗസ്ഥർ.
കുൽഗാം, പുൽവാമ, അനന്ത്നാഗ് ജില്ലകളിൽനിന്നുള്ളവരാണ് ഇവിടുത്തെ വിദ്യാർഥികളിൽ ഭൂരിഭാഗവുമെന്നും ഇത് തീവ്രവാദ സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന മേഖലയാണെന്നും അധികൃതർ പറയുന്നു. യു.പിയടക്കമുള്ള പുറം സംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദ്യാർഥികളായി ഇവിടെ എത്തിയിരുന്നുവെന്നും എന്നാൽ, 370ാം വകുപ്പ് റദ്ദാക്കിയശേഷം ഈ വരവ് ഏതാണ്ട് നിലച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സജ്ജാദ് ഭട്ട് എന്ന വിദ്യാർഥിക്ക് 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ആക്രമണത്തിൽ പങ്കുള്ളതായും പറയുന്നു. നിരോധിത സംഘടനായ അൽ ബദറിെൻറ കമാൻഡർ ആയിരുന്ന, ഈ വർഷം ആഗസ്റ്റിൽ കൊല്ലപ്പെട്ട സുബൈർ നെൻഗ്രൂവും ഇതേ സ്ഥാപനത്തിലെ വിദ്യാർഥിയായിരുന്നുവത്രേ.
13 വിദ്യാർഥികൾക്കു പുറമെ ഇവരെ സഹായിക്കാൻ പൂർവ വിദ്യാർഥികളടക്കം നിരവധി പേരുള്ളതായും അധികൃതരുടെ ആഭ്യന്തര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിൽ വന്നുപോവുന്ന വിദ്യാർഥികൾ സുരക്ഷ സേനക്കുനേരെ കല്ലേറും പ്രതിഷേധവും നടത്തിയെന്നും റിപ്പോർട്ട് പറയുന്നു.