ഹൈദരാബാദിൽ നിർമാണ സ്ഥലത്തെ കുഴിയിലെ വെള്ളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഹൈദരാബാദിലെ മേഡ്‌ചലിൽ നിർമാണ ആവശ്യങ്ങൾക്കായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഉമാൻ (14), ഇർഫാൻ (12) എന്നിവരാണ് മരിച്ചത്. ദാബിൽപൂരിലെ സ്‌കൂളിൽ നിന്ന് മറ്റ് നാല് കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഗ്രാമത്തിന് പുറത്തുള്ള ഇസ്‌കോൺ ക്ഷേത്രത്തിന് സമീപം കുഴിച്ച കുഴിയിലെ വെള്ളത്തിൽ നീന്തിക്കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. എന്നാൽ, കുഴിയുടെ ആഴം കണക്കുകൂട്ടുന്നതിൽ പിഴച്ച കുട്ടികൾ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.
സമാനമായ മറ്റൊരു ദാരുണ സംഭവത്തിൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ നാല് കുട്ടികൾ വെള്ളക്കുഴിയിൽ മുങ്ങിമരിച്ചു. ദേഗ്ലൂർ നാക്കയിലെ ഡ്രെയിനേജ് നിർമാണ സ്ഥലത്തിന് സമീപമുള്ള കുഴിയിൽ നീന്താനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇസ്‍ലാംപുര സ്വദേശികളായ മുഹമ്മദ് ഫുർഖാൻ (18), മുഹമ്മദ് അലി (13), മുഹമ്മദ് റെഹാൻ (11), മുഹമ്മദ് അദ്നാൻ (8) എന്നിവരാണ് മരിച്ചത്. എട്ട് വയസ്സുകാരൻ മുതൽ 18 വയസ്സുകാരൻ വരെയുള്ളവർ ഒരേ കുഴിയിൽ അപകടത്തിൽപ്പെട്ടത് പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കുഴികൾ ഉപേക്ഷിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഹൈദരാബാദിലെയും മഹാരാഷ്ട്രയിലെയും സംഭവങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

