സ്കൂളുകളിൽ ഹിന്ദു പ്രാർഥന ചൊല്ലാൻ കുട്ടികളെ നിർബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈകോടതി
text_fieldsജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ്, ഛത്തീസ്ഗഡ് ഹൈകോടതി
ബിലാസ്പൂർ: സർക്കാർ സ്കൂളുകളിൽ സ്കൂളുകളിൽ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരുമന്ത്രം, മറ്റ് ഹിന്ദു പ്രാർത്ഥനകൾ എന്നിവ നിർബന്ധമാക്കിയ ഛത്തീസ്ഗഡിലെ ബി.ജെ.പി സർക്കാർ നടപടിക്കെതിരെ ഹൈകോടതി. ഹിന്ദു പ്രാർത്ഥന ചൊല്ലാൻ കുട്ടികളെ നിർബന്ധിക്കരുതെന്ന നിർണായക ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചു. സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഇടപെടൽ.
ജൂലൈ രണ്ടാംവാരം ആരംഭിക്കുന്ന അധ്യയനവർഷം മുതൽ ഹിന്ദുമത വിഭാഗത്തിലെ പ്രാർത്ഥനകൾ നടത്തണം എന്നായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ ബോർഡും സർക്കുലർ പുറപ്പെടുവച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ഛത്തീസ്ഗഡ് മുൻ വഖഫ് ബോർഡ് ചെയർമാൻ അബ്ദുസ്സലാം റിസ്‌വി, മുൻ ന്യൂനപക്ഷ വകുപ്പ് ചെയർമാൻ മഹേന്ദ്ര ഛബ്ദ, ബിലാസ്പൂർ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ ഷഫീഖ് അഹമ്മദ് എന്നിവർ നൽകിയ പൊതുതാല്പര്യ ഹരജിയിലാണ് ഹൈകോടതിയുടെ നിർണായക ഉത്തരവ്. ഹിന്ദു പ്രാർഥന ചൊല്ലാൻ കുട്ടികളെ നിർബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളെ ഏതെങ്കിലും തരത്തിൽ സ്കൂൾ അധികത നിർബന്ധിച്ചാൽ കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ദേശീയഗാനം, ദീപമന്ത്രം, സരസ്വതി വന്ദനം, ഗുരുമന്ത്രം എന്നിവ ചൊല്ലണമെന്ന് സംസ്ഥാനം പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചിരുന്നു. മഹാന്മാരുടെ ജീവചരിത്രങ്ങൾ, ഉച്ചഭക്ഷണ സമയത്ത് ഭോജൻ മന്ത്രം, ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവ വായിക്കണമെന്നും നിർബന്ധമാക്കിയിരുന്നു. സർക്കാർ ഉത്തരവ് സമൂഹത്തിൽ വലിയ തോതിൽ വിഭാഗീയത ഉണ്ടാക്കുമെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു പൊതുതാല്പര്യ ഹരജി. ഭരണഘടനാ തത്വങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെയും സർക്കുലർ ലംഘിച്ചുവെന്ന് ഹർജിയിൽ വാദിച്ചു.
‘സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരുമന്ത്രം, ശാന്തി മന്ത്രം എന്നിവ സർക്കാർ സ്‌കൂളുകളിൽ നിർബന്ധമാക്കുന്നത് ഒരു പ്രത്യേക മതത്തിന്റെ പ്രബോധനത്തിനും പ്രോത്സാഹനത്തിനും തുല്യമാണ്. അതിനാൽ ഭരണഘടനാ വിരുദ്ധമാണ്. ഇത്തരം മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയോ ഇളവ് നൽകുകയോ ചെയ്യുന്നില്ല. മതപരമായ നിഷ്പക്ഷത നിലനിർത്താനുള്ള സംസ്ഥാനത്തിന്റെ ബാധ്യതയാണ് സർക്കുലർ ലംഘിച്ചത്. മറ്റുള്ള മതങ്ങളെയെല്ലാം ഒഴിവാക്കി, ഒരു മതവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും മന്ത്രങ്ങളും മാത്രം നിർദ്ദേശിക്കുന്നതിലൂടെ കുട്ടികളിൽ വിഭാഗീയത സൃഷ്ടിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവവുമായി സർക്കുലർ പൊരുത്തപ്പെടുന്നില്ല’ -ഹർജിക്കാർ കൂട്ടിച്ചേർത്തു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ആമിർ ഖാനും സിതാര ഖാനും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

