ബംഗളൂരു: കർണാടകയിലെ ദാവൻഗരെ ജില്ലയിൽ ഒരു കൂട്ടം വിദ്യാർഥികൾ അധ്യാപകനോട് മോശമായി പെരുമാറുകയും തലയിൽ മാലിന്യക്കുട്ട കമിഴ്ത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം. അധ്യാപകനോട് വിദ്യാർഥികൾ മോശമായി പെരുമാറുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അന്വേഷണം.
കർണാടക വിദ്യാഭ്യാസ വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചന്നഗിരി നഗരത്തിലെ സർക്കാർ ഹൈസ്കൂളിലേതാണ് വിഡിയോ. ഡിസംബർ മൂന്നിനാണ് സംഭവം. അധ്യാപകനോട് വിദ്യാർഥികൾ മോശമായി പെരുമാറുന്നതാണ വിഡിയോ. ശേഷം അധ്യാപകൻ ക്ലാസെടുക്കാൻ തുടങ്ങുേമ്പാൾ വിദ്യാർഥികൾ അധ്യാപകന്‍റെ തലയിൽ മാലിന്യക്കുട്ട കമിഴ്ത്തുകയായിരുന്നു.
'ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിലെ സ്കൂളിൽ വിദ്യാർഥികൾ അധ്യാപകനോട് മോശമായി പെരുമാറുന്ന സംഭവം അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും അേന്വഷണം നടത്തും. കൃത്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി' -വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ട്വീറ്റ് ചെയ്തു.
ക്ലാസ്മുറിയിൽ ലഹരിവസ്തുക്കളുടെ പാക്കറ്റ് കണ്ടത് ചോദ്യം ചെയ്തതോടെയായിരുന്നു അതിക്രമമെന്ന് അധ്യാപകൻ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. അതേസമയം, സംഭവത്തിൽ അധ്യാപകൻ വിദ്യാർഥികൾക്കെതിരെ പരാതി നൽകിയിട്ടില്ല.