കാർ ഇടിച്ചു വീഴ്ത്തിയ വിദ്യാർഥിനി കോമയിൽ കഴിഞ്ഞത് മാസങ്ങളോളം; ഒൻപത് വർഷങ്ങൾക്ക് ശേഷം പ്രതിക്ക് പിഴ 20,000 രൂപ
text_fieldsമുംബൈ: ഒൻപത് വർഷം മുൻപ് മുംബൈയിൽ വെച്ച് 17കാരിയെ കാറിടിച്ചു വീഴ്ത്തി മാസങ്ങളോളം അബോധാവസ്ഥയിലാക്കിയ കേസിൽ പ്രതിയായ ഡ്രൈവർക്ക് കോടതി ഒൻപത് വർഷങ്ങൾക്ക് ശേഷം 20,000 രൂപ പിഴ ചുമത്തി. 2017 മെയ് 28-നായിരുന്നു സംഭവം. അന്നത്തെ റെയിൽവേ കമ്മീഷണറുടെ ഔദ്യോഗിക വാഹനം ഓടിച്ചിരുന്ന പി. നാരായണസാമി പൂശാരിപടയാച്ചി (66) എന്ന ഡ്രൈവറാണ് അപകടമുണ്ടാക്കിയത്. മുംബൈ ചർച്ച്ഗേറ്റിന് സമീപമുള്ള സീബ്രാ ക്രോസിങിൽ വെച്ച് റെഡ് സിഗ്നൽ മറികടന്ന് അമിത വേഗതയിൽ വന്ന കാർ നിധി ജേത്മലാനി എന്ന പെൺകുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പ്ലസ് ടു പ്രവേശനത്തിനായി കോളേജിലേക്ക് പോവുകയായിരുന്നു നിധിക്ക് അപകടത്തിൽ തലക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഡ്രൈവറും കമ്മീഷണറും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അശ്രദ്ധമായി വണ്ടിയോടിച്ചതിന് ചെന്നൈ സ്വദേശിയായ നാരായണസാമിയെ അന്ന് തന്നെ അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചിരുന്നു. തലച്ചോറിലെ സമ്മർദ്ദം കുറക്കാനുള്ള ശസ്ത്രക്രിയകൾക്ക് ശേഷം മൂന്ന് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞാണ് നിധി വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാരായണസാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 20,000 രൂപ പിഴയൊടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ തുക നിധിക്ക് നഷ്ടപരിഹാരമായി നൽകണം.
'പ്രതി ചെന്നൈയിൽ നിന്നാണ് എല്ലാ തവണയും കോടതിയിൽ വരുന്നത്. 2020-ൽ ജോലിയിൽ നിന്ന് വിരമിച്ചു. ഇപ്പോൾ 66 വയസ്സായി, സാമ്പത്തികമായി വളരെ പിന്നോക്കമാണ്. പെൻഷൻ കൊണ്ടാണ് ജീവിക്കുന്നത്. ഇതൊരു നിർഭാഗ്യം കൊണ്ട് സംഭവിച്ച അപകടമാണ്. ഇയാൾ മുൻപ് കുറ്റകൃത്യങ്ങളിലൊന്നും പെട്ടിട്ടില്ല. കഴിഞ്ഞ എട്ട് വർഷമായി കേസിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ഇവയെല്ലാം കണക്കിലെടുത്ത് കോടതി ഇയാളോട് മൃദുസമീപനം കാണിക്കുന്നു. ഈ കേസിൽ പിഴ ശിക്ഷ മാത്രമാണ് ഉചിതം'. പ്രതിക്ക് വലിയ ശിക്ഷ നൽകാതിരുന്നതിനെക്കുറിച്ച് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുപ്രിയ വിജയസിങ് നികം പറഞ്ഞു.
ക്രിമിനൽ കേസിൽ ഡ്രൈവർക്ക് ചെറിയ ശിക്ഷയാണ് ലഭിച്ചതെങ്കിലും, നിധിക്ക് ചികിത്സക്കായി മറ്റ് കോടതികളിൽ നിന്ന് വലിയ തുക മോട്ടോർ അപകട ക്ലെയിംസ് ട്രൈബ്യൂണൽ നിധിക്ക് 70 ലക്ഷം രൂപ നഷ്ടപരിഹാരവും, ഭാവിയിലെ ചികിത്സക്കായി 1.5 കോടി രൂപയുടെ ഫണ്ടും അനുവദിക്കാൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

